വാഷിങ്ടൺ: പ്രമുഖ ഷോർട് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോകിന് അമേരിക്കയിൽ ഏർപ്പെടുത്തിയ നിരോധനം താൽക്കാലികമായി സ്റ്റേ ചെയ്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ 75 ദിവസം കൂടി സമയം നീട്ടി നൽകിയാണ് ടിക് ടോക് ആപ്പിനുള്ള നിരോധനം ട്രംപ് പിൻവലിച്ചത്. ദേശസുരക്ഷ മുൻനിർത്തി ആപ്പിന് യു.എസിൽ ഏർപ്പെടുത്തിയ നിരോധനം കഴിഞ്ഞദിവസമാണ് പ്രാബല്യത്തിൽ വന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നു ടിക് ടോക് നീക്കം ചെയ്തിരുന്നു. 170 ദശലക്ഷം ഉപയോക്താക്കളാണു ടിക് ടോക്കിനു യുഎസിലുള്ളത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ യു.എസിലെ മുഴുവൻ ആസ്തിയും 19നകം വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാറിന്റെ നിലപാടാണു ടിക് ടോക്കിനു തിരിച്ചടിയായത്.
ദേശസുരക്ഷ മുൻനിർത്തി ടിക് ടോക് നിരോധിക്കുകയാണെന്നു യു.എസ് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച അമേരിക്കയുടെ 47ാം പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെയാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം പിൻവലിച്ചത്. ട്രംപ് അധികാരമേറ്റെടുത്താൽ ടിക് ടോക് നിരോധനം നീക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപിന് ടിക് ടോകിൽ 15 മില്യൺ ഫോളോവേഴ്സുണ്ട്. യുവ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ ട്രംപിനെ ആപ് ഏറെ സഹായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.