എയർ ഇന്ത്യയുടെ ഡാറ്റ പ്രൊസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 45 ലക്ഷം പേരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സൈബർ ആക്രമണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പിസ്സ ഡെലിവറി ചൈനായ ഡൊമിനോസ് ഇന്ത്യയാണ് പുതിയ ഇര. ഡൊമിനോസിലെ 18 കോടി ഒാർഡറുകളുടെ വിശദാംശങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമാണെന്ന് സുരക്ഷാ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 13 ടിബി സൈസുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി ഏപ്രിലില്‍ ഒരു ഹാക്കര്‍ അവകാശപ്പെട്ടിരുന്നു.
ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെൻറ് വിശദാംശങ്ങള്‍, പിസ്സ ഒാർഡർ ചെയ്ത യൂസർമാരുടെ വിലാസവും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടുന്ന 18 കോടി ഓര്‍ഡറുകളുടെ വിവരങ്ങളാണ് ഡാർക് വെബ്ബിലുള്ളത്. 10 ലക്ഷം ക്രെഡിറ്റ് കാർഡുകളുടെ വിശദാംശങ്ങളാണ് ചോർന്ന ഡാറ്റയിലുള്ളതെന്നും ആരോപിക്കപ്പെടുന്നുണ്ട്. സൈബർ സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹാരിയയാണ് സംഭവം ട്വിറ്ററിലൂടെ ആദ്യം പുറത്തുവിട്ടത്. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ നിർമിച്ച് അതിലൂടെ 18 കോടി ഓര്‍ഡറുകളുടെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡൊമിനോസ് ഇന്ത്യ യൂസർമാരുടെ സാമ്പത്തിക വിവരങ്ങൾ ചോർന്നതായുള്ള ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ തങ്ങൾ സംഭരിക്കുന്നില്ലെന്ന് പറഞ്ഞ ഡൊമിനോസ് വക്താവ് അതിനാൽ അത്തരം സ്വകാര്യ ഡാറ്റകൾ ചോർന്നതിൽ പെടുന്നില്ലെന്നും വ്യക്തമാക്കി.
ഡൊമിനോസ് പിസ്സയുടെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാഞ്ചൈസീ ആയ ജൂബിലൻറ് ഫുഡ് വര്‍ക്സ് ലിമിറ്റഡ്, വിവരച്ചോർച്ച അന്വേഷിക്കാനായി ഒരു ആഗോള ഫോറൻസിക് ഏജൻസിയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഡാർക് വെബ്ബിൽ 18 കോടി ഒാർഡറുകളുടെ ഡാറ്റ പുറത്തുവിട്ടതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് ഒൗദ്യോഗിക പരാതിയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉപയോക്താക്കൾക്ക് അയച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.