മനുഷ്യന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അഥവ നിർമിതബുദ്ധിയെ പ്രണയിക്കുന്ന കാലം വന്നിരിക്കുന്നു. എ.ഐ സിറ്റ്വേഷൻഷിപ് എന്ന് കേട്ടിട്ടുണ്ടോ. യഥാർഥ പ്രണയ ബന്ധങ്ങൾക്ക് പകരമായിട്ടല്ലെങ്കിലും വൈകാരിക സഹായിയായി ആളുകൾ എ.ഐ ഉപയോഗിക്കുന്നതാണിത്. ഡേറ്റിങ് ആപ്പായ ഹാപ്പന്റെ റിപ്പോർട്ട് അനുസരിച്ച് നിരവധി സിംഗിൾസ് അവരുടെ ജീവിതത്തിൽ എ.ഐ നൽകുന്ന വൈകാരിക പിന്തുണയിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്നു.
ഇവർ മനുഷ്യരേക്കാൾ എ.ഐയെ പ്രണയിക്കുന്നില്ലെങ്കിലും സ്വന്തം വികാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനുമൊക്കെ എ.ഐയെ ഒരു പിന്തുണാസംവിധാനമായി കരുതുന്നു. റിപ്പോർട്ട് പ്രകാരം ഇഷ്ടപ്പെടുന്ന വ്യക്തി എ.ഐ യുമായി വൈകാരിക ബന്ധത്തിലേർപ്പെടുന്നതിൽ 54 ശതമാനം വ്യക്തികൾക്കും കുഴപ്പമില്ലത്രെ. പക്ഷേ, 41 ശതമാനത്തോളം വ്യക്തികൾ ഇക്കാര്യത്തിൽ അസ്വസ്ഥത പ്രകടമാക്കി. ഇന്ത്യയിലെ രണ്ടായിരത്തിലധികം ആളുകളിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണ്ടെത്തൽ.
എന്തായിരിക്കും ആളുകളെ ഇത്രമാത്രം എ.ഐ ആകർഷിക്കാൻ കാരണം?
വളരെ ലളിതമായാണ് എ.ഐ ആശയവിനിമയം നടത്തുന്നത് എന്നതാണ് ഒന്നാമത്തെ കാരണം. അത് നമ്മളെ ഒരിക്കലും ജഡ്ജ് ചെയ്ത് സംസാരിക്കില്ല. യന്ത്രങ്ങൾ എങ്ങനെ പ്രണയ മേഖലകളായി മാറുന്നു എന്നത് മനസ്സിലാക്കാൻ കഴിയാത്ത കാര്യമൊന്നുമല്ല. പ്രണയബന്ധങ്ങൾ കണ്ടെത്തുന്നതിലെ മനുഷ്യന്റെ നിരാശ, മടുപ്പ് എന്നിവ ആളുകളെ ഈ എ.ഐ മോഡലുകളിൽ ഒരുതരം ആശ്വാസം തേടാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, മനുഷ്യർക്ക് പകരമാകാൻ ഒരിക്കലും നിർമിതബുദ്ധിക്ക് കഴിയില്ല എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എ.ഐയുമായുള്ള അമിത സഹവർത്തിത്വം യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ, ഏകാന്തത തുടങ്ങിയ മാനസിക വെല്ലുവിളികൾക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.