എന്താണ് ട്രംപിനും സിലിക്കൺ വാലിക്കും ഭീഷണിയുയർത്തുന്ന ചൈനയുടെ ‘ഡീപ്സീക്ക്’?

ർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങുവാഴുന്ന കാലത്ത്, യുഎസിന്റെ ടെക്-ഓഹരി രംഗത്തെ വൻ ആശങ്കയിലേക്കു തള്ളിയിട്ട് ഒരു ചൈനീസ് എ.ഐ കമ്പനിയുടെ കുതിപ്പിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇന്നി​പ്പോൾ സാക്ഷാൽ ട്രംപ് തന്നെ അതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. എന്താണ് സിലിക്കൺ വാലിയെ അമ്പരപ്പിച്ച ‘ഡീപ്സീക്ക്’?

ലിയാൻ വെൻഫെങ് സ്ഥാപിച്ച ഒരു ചൈനീസ് ടെക് സ്റ്റാർട്ടപ്പാണ് DeepSeek. ഹാങ്‌ഷൂവിലാണ് ഇതിന്റെ ആസ്ഥാനം. എന്തും ചോദിച്ചാൽ വിരൽ തുമ്പിൽ തരുന്ന യു.എസിന്റെ ‘ചാറ്റ് ജി.പി.ടി’യെ കടത്തിവെട്ടി ‘എ.ഐ ചാറ്റ്ബോട്ടി’ലൂടെ ടെക് ലോകത്തെ ‘ഉന്മാദ’ത്തിലേക്ക് നയിക്കുകയാണിന്നിത്. കഴിഞ്ഞ ഒരു വർഷമായി നിരവധി മത്സരാധിഷ്ഠിത എ.ഐ മോഡലുകൾ ഡീപ്സീക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചാറ്റ് ജി.പി.ടി നിർമാതാക്കളായ ‘ഓപ്പൺ എ.ഐ’ പോലുള്ള യു.എസ് കമ്പനികളിൽ നിന്നുള്ള സമാന മോഡലുകൾക്ക് തുല്യമാണെന്നും എന്നാൽ, ചെലവ് ഏറെ കുറവാണെന്നും അവകാശപ്പെട്ട് ഒരു പുതിയ ‘എ.ഐ മോഡൽ’ കഴിഞ്ഞ മാസം പുറത്തിറക്കിയതോടെയാണ് ‘ഡീപ്‌സീക്ക്’ എ.ഐ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്.

ഈ വർഷം ആദ്യം ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുതിയ ചൈനീസ് ‘എ.ഐ ചാറ്റ്ബോട്ട്’ വ്യാപകമായി ആക്‌സസ് ചെയ്യപ്പെട്ടു. ഈ ആഴ്ചയുടെ തുടക്കത്തിൽ ആപ്പിളിന്റെ ഐ ഫോൺ സ്റ്റോറിൽ ഡൗൺലോഡ് ചെയ്‌ത ഒന്നാം നമ്പർ ആപ്പായി ‘ഡീപ്സീക്കി’ന്റെ എ.ഐ അസിസ്റ്റന്റ് മാറി. ഇതിനു പിന്നാലെ പ്രധാന ടെക് സ്റ്റോക്കുകളുടെ വൻതോതിലുള്ള വിറ്റഴിക്കലിനും കാരണമായി. ഇതിന്റെ ഫലമായി യു.എസ് ഓഹരികൾ നഷ്ടത്തിലാക്കി. ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ നഷ്ടം നേരിട്ടു. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ യു.എസ് സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്.

എന്തുകൊണ്ട് ഡീപ്സീക്കിനെ യു.എസ് ഭീഷണിയായി കാണുന്നു​?

അമേരിക്കൻ കമ്പനികൾ നടത്തിയ വമ്പൻ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ ചെലവിൽ അതേ ഫലങ്ങൾ നേടിക്കൊണ്ട് മുൻനിര യു.എസ് എ.ഐ കമ്പനികളോട് മത്സരിക്കാനുള്ള സാധ്യത ‘ഡീപ്സീക്ക്’ സ്റ്റാർട്ടപ്പ് തെളിയിച്ചു. ഈ മോഡൽ ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.ടി.പി പോലെയുള്ള യു.എസ് വികസിപ്പിച്ച മോഡലുകൾക്ക് വൻ വെല്ലുവളിയുയർത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതാണ് യു.എസ് ടെക് ഭീമൻമാരെ അമ്പരപ്പിച്ചത്.

വെറും 5.6 ബില്യൺ ചെലവിലാണ് ഈ ഏറ്റവും പുതിയ മോഡൽ നിർമിച്ചതെന്ന് ഡീപ്സീക്കിന്റെ ഡെവലപ്പർമാർ പറയുന്നു. ഓപ്പൺ എ.ഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ എ.ഐ ഭീമൻമാർ സ്വന്തം മോഡലുകൾ വികസിപ്പിക്കാൻ ആശ്രയിക്കുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗമാണിത്.

സിലിക്കൺ വാലിയുടെ വളർച്ചക്ക് ആക്കം കൂട്ടിയ ലാഭകരമായ എ.ഐ വിതരണ ശൃംഖലക്കുമേൽ ആശങ്കകൾ ഉയർത്തി ഈ വാർത്ത നിക്ഷേപകരെയും വലച്ചു. ടെക് സ്റ്റോക്കുകളിലെ കുത്തനെയുള്ള നഷ്ടം അതിവേഗവും ദൂരവ്യാപകവുമായിരുന്നു. മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോമുകൾ പോലുള്ള എ.ഐ ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്തിയ കമ്പനികൾ ഗണ്യമായ ഇടിവ് നേരിട്ടു.

വാൾസ്ട്രീറ്റിലെ ടെക് സ്റ്റോക്കുകൾക്ക് വലിയ ആഘാതം നേരിട്ടതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറഞ്ഞ വിലയുള്ള ചൈനീസ് എ.ഐ ടൂൾ ഇറക്കിയ ‘ഡീപ്‌സീക്കി’നെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്കയെ ‘ഉണർത്താനുള്ള കോളെ’ന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. ഡീപ്‌സീക്കിലൂടെയുള്ള ചൈനീസ് എ.ഐ മുന്നേറ്റത്തിൽ യു.എസ് സ്റ്റോക്കുകൾ ഇടിഞ്ഞതിന്റെ ആഘാതം മറച്ചുപിടിക്കുന്നതായി ട്രംപിന്റെ പ്രസ്താവന.

‘ഒരു ചൈനീസ് കമ്പനിയിൽ നിന്ന് ‘ഡീപ്സീക്ക് എ.ഐ’ പുറത്തിറക്കുന്നത് തങ്ങളുടെ വ്യവസായങ്ങൾക്ക് ഉണർവിനുള്ള ആഹ്വാനമാണ്. വിജയിക്കാനുള്ള മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നുമായിരുന്നു ഒരു റിപ്പബ്ലിക്കൻ കോൺഗ്രസ് ചടങ്ങിനിടെ ട്രംപി​ന്റെ വാക്കുകൾ.

കൂടുതൽ ചെലവ് കുറഞ്ഞ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സിലിക്കൺ വാലിയുടെ ആഘാതം ആത്യന്തികമായി നല്ല ഫലമുണ്ടാക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അത് പോസിറ്റീവ് ആയിരിക്കുമെന്ന് ഞാൻ പറയും. അതിനാൽ ശതകോടികൾ ചെലവഴിക്കുന്നതിനുപകരം കുറച്ച് ചെലവഴിച്ച് പ്രതീക്ഷിക്കുന്ന അതേ പരിഹാരവുമായി നിങ്ങൾക്ക് വരാനാവുമെന്നും യു.എസ് കമ്പനികളെ ട്രംപ് ആശ്വസിപ്പിച്ചു.

ചൈനീസ് സർക്കാറുമായും അതിന്റെ നേതൃത്വവുമായും ബന്ധപ്പെട്ട സെൻസിറ്റീവ് വിഷയങ്ങളെന്ന നിലയിൽ ‘മോഡലിന്റെ ഉള്ളടക്ക നിയന്ത്രണങ്ങൾ’ ആഗോള വിപണിയിൽ ഫലപ്രദമായി മത്സരിക്കാനുള്ള ഡീപ്സീക്കി​ന്റെ സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ പറയുന്നു.

Tags:    
News Summary - DeepSeek: What is it, and why does Donald Trump see it as a threat?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.