പ്രതീകാത്മ ചിത്രം
ന്യൂഡൽഹി: മൊബൈൽ സിഗ്നലുകൾ ദുർബലമായ പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. വോയ്സ് കോളുകൾ, എസ്.ഒ.എസ് എമർജൻസി സംവിധാനം തുടങ്ങിയവയാണ് ഈ ഫോണിലൂടെ ലഭ്യമാകുക.
സാധാരണ സ്മാർട്ട്‌ഫോണുകളെ പോലെയല്ല ഇവയുടെ പ്രവർത്തനം. സെല്ലുലാർ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങൾ വഴിയാണ് ഈ ഫോൺ ആശയവിനിമയം സാധ്യമാക്കുക. അതിനാൽ ഏത് റിമോട്ട് ഏരിയയിലും ഈ ഫോണിലൂടെ ആശയവിനിമയം സാധ്യമാകും. പ്രതിരോധ മേഖല, സമുദ്രയാനം, ദുരന്ത നിവാരണം, മൈനിങ് സൈറ്റുകൾ എന്നീ മേഖലകളെയും തീർഥാടകർ, സാഹസിക യാത്രികർ തുടങ്ങിയവരെയും ലക്ഷ്യമിട്ടാണ് സാറ്റലൈറ്റ് ഫോൺ നിർമിച്ചിരിക്കുന്നത്. 1,34,166 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില.
ഡിസൈനിലും പ്രത്യേകതകളോടെയാണ് ഇതിന്റെ നിർമാണം. വെല്ലുവിളികളുള്ള ചുറ്റുപാടുകളെ അതിജീവിക്കുന്ന ഉറപ്പുള്ള ഡിസൈനാണ് ഈ ഫോണിന്. പ്രതികൂല കാലവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന ഇവക്ക് ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മൊബൈൽ നെറ്റ്‍വർക്കുകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ ഈ ഫോണുകൾ ഉപകാരപ്രദമാകും.
ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളായ ഇൻമാർസാറ്റുമായി സഹകരിച്ചാണ് ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്. സേവനത്തെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസുമായോ 9768866652 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.
എന്നാൽ, മറ്റ് സ്മാർട്ട്ഫോണുകളെപ്പോലെ ബി.എസ്.എൻ.എൽ സാറ്റലൈറ്റ് ഫോണുകൾ വാങ്ങാനും ഉപയോഗിക്കാനും കഴിയില്ല. ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകും. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. സാറ്റലൈറ്റ് ഫോൺ വാങ്ങാനോ ഉപയോഗിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് അനുമതി വാങ്ങേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.