ഗൂഗിളില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ‍? ഗൂഗിളിനു പകരക്കാരായി വേറെയുമുണ്ട് സെർച്ച് എഞ്ചിൻസ്

ഈ ഇന്‍റർനെറ്റ് ലോകത്ത് ഗൂഗിൾ മാത്രമാണോ സെർച്ച് എഞ്ചിനായി ഉള്ളത്. അല്ല, ഇരുപതിൽ പരം സെർച്ച് എഞ്ചിനുകൾ വേറെയുമുണ്ട്. അതിൽ തന്നെ എഐ മോഡലുകളുമുണ്ട്. എന്നാൽ നിലവിൽ അധികായൻ ഗൂഗിളാണെന്നു മാത്രം. ഗൂഗിളിനു പകരക്കാരനായി ഉപയോഗിക്കാൻ പറ്റുന്ന ചില സെർച്ച് എഞ്ചിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഡക്ക്ഡക്ക്ഗോ 

ഗൂഗിളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മികച്ച സെർച്ച് എഞ്ചിനാണ് ഡക്ക്‌ഡക്ക്‌ഗോ. ഇത് നിങ്ങളുടെ സെർച്ചുകളെ ട്രാക്ക് ചെയ്യുകയോ, ഹിസ്റ്ററി സൂക്ഷിക്കുകയോ, നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിൽ റിസൾട്ടുകൾ പേഴ്സണലൈസ് ചെയ്യുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് സ്വമേധയാ ലൊക്കേഷൻ മാറ്റാനും വിവിധ സ്ഥലങ്ങൾക്കനുസരിച്ചുള്ള റിസൾട്ടുകൾ ലഭിക്കാനും ഇതിലൂടെ സാധിക്കും.

ഡക്ക്‌ഡക്ക്‌ഗോ സ്വന്തം ക്രാളറിൽ നിന്നും ബിംഗ്, വിക്കിപീഡിയ തുടങ്ങിയ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിൽ ബാങ്സ് എന്നൊരു പ്രത്യേക ഫീച്ചറുണ്ട്. ഇത് ഉപയോഗിച്ച് റെഡ്ഡിറ്റ് , വിക്കിപീഡിയ, ആമസോൺ , ഗിറ്റ്ഹബ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഡക്ക്‌ഡക്ക്‌ഗോ സെർച്ച് ബാറിൽ നിന്ന് തന്നെ നേരിട്ട് തിരയാൻ സാധിക്കും.

2024-ൽ ഡക്ക്‌ഡക്ക്‌ഗോ Duck.ai എന്നൊരു പ്രൈവസി ഫസ്റ്റ് എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ഇതിലൂടെ GPT-4o mini, Claude 3 Haiku, Llama 3.3 70B തുടങ്ങിയ വിവിധ എഐ മോഡലുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ ഇതിൽ ഓരോ സെർച്ചും ഡിസപ്പിയറാവുകയും ചാറ്റുകൾ ക്ലൗഡിലല്ല മറിച്ച് നിങ്ങളുടെ ഉപകരണത്തിൽ മാത്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

ബ്രേവ് 

സ്വകാര്യത അധിഷ്ഠിതമായുള്ള സെർച്ച് എൻജിനാണ് ബ്രേവ്. ഇതിൽ ഗൂഗിളിനെ ഒരു ഫോൾ ബാക്ക് ഓപ്ഷനായി ഉപയോഗിക്കുന്നുണ്ട്. അതായത് ബ്രേവ് സെർച്ചിൽ നിങ്ങൾക്ക് ആവശ്യമായ ഫലങ്ങൾ ലഭിച്ചില്ലെങ്കിൽ, അതേ ആവശ്യത്തിനായി ഗൂഗിളിലേക്ക് പോവാൻ ഈ സെർച്ച് എൻജിനെ അനുവദിക്കാനാകും.

ഇതുകൂടാതെ വി.പി.എൻ, ക്രിപ്‌റ്റോ വാലറ്റ്, ലിയോ എന്നിങ്ങനെ സ്വന്തമായി എഐ അസിസ്റ്റന്റുകളുൾപ്പെടെയുള്ള ഫീച്ചറുകളും ബ്രേവ് നൽകുന്നുണ്ട്. നിങ്ങളുടെ എഐ ഉപയോഗവും സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്ന് ബ്രേവ് ഉറപ്പുനൽകുന്നു. ലിയോ ഉപയോഗിക്കുന്നതിന് ഒരു അക്കൗണ്ട് സൃഷ്ടിക്കുകയോ ലോഗിൻ ചെയ്യുകയോ പോലും വേണ്ടതില്ല. ബ്രേവ് സൗജന്യമായി പരീക്ഷിക്കാവുന്ന ഒരു സെർച്ച് എഞ്ചിനാണ്.

മൈക്രോസോഫ്റ്റ് ബിങ് 

ഓപ്പൺ എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എഐ അധിഷ്ഠിതമായ സെർച്ച് എഞ്ചിനാണ് ബിങ്. ഇത് ഗൂഗിളിന് സമാനമായ സെർച്ച് അനുഭവമാണ് നൽകുക. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് കോപൈലറ്റ് ബിങ്. ഇന്റർഫേസിൽ നേരിട്ട് ഉൾപ്പെടുത്തിയിട്ടുള്ള ഒരു സംഭാഷണ എഐ അസിസ്റ്റന്റാണിത്.

സെർച്ച് റിസൾട്ടുകളിൽ തന്നെ കോപൈലറ്റ് നൽകുന്ന മറുപടികളും അത് ഉപയോഗിച്ച ഉറവിടങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടാതെ ബിങ് ഹോം പേജിൽ നിന്നോ അല്ലെങ്കിൽ സെർച്ച് ഫലങ്ങൾക്ക് മുകളിലുള്ള കോപൈലറ്റ് ടാബിൽ നിന്നോ നിങ്ങൾക്ക് നേരിട്ട് കോപൈലറ്റ് ഉത്തരങ്ങളിലേക്ക് പോകാവുന്നതാണ്.

ബിങ് ഉപയോഗിക്കുന്നതിലെ മറ്റൊരു ചെറിയ ബോണസ് കൂടിയുണ്ട്. ഇതിനൊരു റിവാർഡ് പ്രോഗ്രാം ഉണ്ട്. നിങ്ങൾ നടത്തുന്ന ഓരോ സെർച്ചിലൂടെയും പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഗിഫ്റ്റ് കാർഡുകൾ നേടാൻ കഴിയും.

യാഹൂ 

വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധ സെർച്ച് അസിസ്റ്റന്‍റുകൾ യാഹൂ പ്രധാനം ചെയ്യുന്നു. ട്രെൻഡിംഗ് വാർത്തകൾ, ഓഹരി വിവരങ്ങൾ, കാലാവസ്ഥാ റിപ്പോർട്ടുകൾ, വിനോദ വാർത്തകൾ എന്നിങ്ങനെ എല്ലാം യാഹൂവിന്‍റെ ഹോം പേജിൽ കാണാം.

  • യാഹൂ ഫിനാൻസ്: ഓഹരികൾ ട്രാക്ക് ചെയ്യാനും കമ്പനി വാർത്തകൾക്കും വിപണിയിലെ വിശകലനങ്ങൾക്കും വേണ്ടി.
  • യാഹൂ സ്പോർട്സ്: തത്സമയ സ്‌കോറുകൾ, ഫാന്റസി ലീഗുകൾ, കായിക താരങ്ങളുടെ വിശേഷങ്ങൾ എന്നിവയ്ക്കായി.
  • യാഹൂ ലൈഫ്: ആരോഗ്യം, ജീവിതശൈലി, രക്ഷാകർതൃത്വം എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾക്കായി.
  • യാഹൂ മെയിൽ: ഇമെയിലുകൾ അയക്കാനും സ്വീകരിക്കാനും.

ഇതുകൂടാതെ സംഭാഷണ രൂപത്തിലുള്ള ഉത്തരങ്ങൾ നൽകുന്ന സ്കൗട്ട് എന്ന എഐ സെർച്ച് അസിസ്റ്റന്റും യാഹൂ നൽകുന്നുണ്ട്. യാഹൂ മെയിൽ, സെർച്ച്, വാർത്തകൾ, സ്പോർട്സ്, ഷോപ്പിംഗ്, ഫിനാൻസ് തുടങ്ങിയ യാഹൂവിന്റെ എല്ലാ വിഭാഗങ്ങളിലും ഇത് ലഭ്യമാണ്. yahoo.com/scout എന്ന ലിങ്കിലൂടെ നിങ്ങൾക്ക് ഇതൊരു പ്രത്യേക ടൂളായും ഉപയോഗിക്കാം. ബിംഗ് (Bing) വഴിയാണ് യാഹൂവിലെ സെർച്ച് ഫലങ്ങൾ ലഭ്യമാക്കുന്നത്.

ഇക്കോസിയ 

ഇക്കോസിയയുടെ സെർച്ച് റിസൾട്ടുകൾ ബിംഗ് അടിസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ സേവനം വളരെ മികച്ചതാണ്, കൂടാതെ പരിസ്ഥിതി സൗഹൃദപരമായ സമീപനം ഏറെ ആകർഷകവുമാണ്. എന്നാൽ സ്വകാര്യതയുടെ കാര്യത്തിൽ ഗൂഗിളിനെ അപേക്ഷിച്ച് കുറഞ്ഞ വിവരങ്ങൾ മാത്രമേ ഇക്കോസിയ ശേഖരിക്കുന്നുള്ളൂ എങ്കിലും, ഡക്ക്ഡക്ക്ഗോയെ അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ ഇത് ശേഖരിക്കുന്നുണ്ട്.

ക്വാന്റ് 

യൂറോപ്യൻ ഡാറ്റാ സോവറൻറിക്കും, ജി.ഡി.പി.ആർ നിയമങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സെർച്ച് എഞ്ചിനാണ് ക്വാന്റ്. ബിംഗിന്റെ റിസൾട്ടുകളും ക്വാന്റിന്റെ സ്വന്തം ഇൻഡക്സും ചേർത്താണ് ഇവർ സെർച്ച് റിസൾട്ട് നൽകുന്നത്. സാമ്പത്തികമായി മുൻകാലങ്ങളിൽ ചില വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും ക്വാന്റ് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ചാറ്റ്ജിപിടി, സ്റ്റാർട്ട്പേജ്, പെരിപ്ലിസിറ്റി, തുടങ്ങി ഗൂഗിളിനു പകരമായി ഉപയോഗിക്കാവുന്ന സെർച്ച് എഞ്ചിനുകൾ നിരവധിയാണ്. ഇവയിൽ പലതും പൂർണമായും സൗജന്യമാണെന്നു മാത്രമല്ല, സ്വകാര്യത സംരക്ഷിക്കുന്നതുൾപ്പെടെ നിരവധി സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags:    
News Summary - search engines that can replace Google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.