ബിജിഎംഐ തിരിച്ചെത്തുന്നു, നിയന്ത്രണങ്ങളോടെ; റിലീസ് ഡേറ്റ് പുറത്തുവിട്ട് ക്രാഫ്റ്റൺ

കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര സർക്കാർ നിരോധിച്ച ഗെയിമായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) വിലക്ക് മാറി രാജ്യത്തേക്ക് തിരിച്ചുവരുന്നു. മെയ് 29-നാണ് ഗെയിം ഇന്ത്യയിൽ റീലോഞ്ച് ചെയ്യുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മെയ് 29 മുതൽ ഗെയിം കളിക്കാൻ തുടങ്ങാം.

ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് കേന്ദ്ര സർക്കാർ പബ്ജി മൊബൈൽ നിരോധിച്ചതിനെ തുടർന്ന് കൊറിയൻ ഗെയിം കമ്പനിയായ ക്രാഫ്റ്റൻ ഇന്ത്യയിൽ അവതരിപ്പിച്ച ഗെയിമായിരുന്നു ബിജിഎംഐ. പബ്ജിയുടെ റീബ്രാൻഡഡ് പതിപ്പായിരുന്നു അത്. ചൈനീസ് ഗെയിമിങ് ഭീമനായ ടെൻസെന്റുമായുള്ള പങ്കാളിത്തം ഉപേക്ഷിച്ചാണ് ഇന്ത്യയിൽ പബ്ജി ​മൊബൈലിന്റെ പേര് മാറ്റി ബിജിഎംഐ ആയി അവതരിപ്പിച്ചത്.

“(BGMI), ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിൽ റോയൽ ടൈറ്റിൽ ഇന്ന് മുതൽ (മെയ് 27) എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പ്രീലോഡ് ചെയ്യാൻ ലഭ്യമാണ്. എന്നാൽ, മെയ് 29 മുതൽ മാത്രമേ ഗെയിം കളിക്കാൻ കഴിയൂ. iOS ഉപയോക്താക്കൾക്കള ഗെയിം ഡൗൺലോഡ് ചെയ്യാനും പ്ലേ ചെയ്യാനും 2023 മെയ് 29 മുതൽ ലഭ്യമാകും. - പ്രസ്താവനയിൽ ക്രാഫ്റ്റൺ പറഞ്ഞു.

അതേസമയം, ഗെയിം തിരിച്ചെത്തുന്നത് ചെറിയ നിയന്ത്രണങ്ങളോടെയാണ്. ട്രയൽ എന്ന രീതിയിൽ മൂന്ന് മാസത്തേക്ക് മാത്രമാകും തുടക്കത്തിൽ ലഭ്യമാവുക. ബിജിഎംഐ, മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നു​ണ്ടോ എന്ന് രാജ്യത്തെ അധികൃതർ പരിശോധിക്കും. കുട്ടികൾ ഗെയിമിന് അടിമകളാകുന്നുണ്ടോ എന്നും ഗെയിമുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നുമൊക്കെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗെയിം കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ആളുകളെ ഷൂട്ട് ചെയ്ത് രക്തം ചിന്താനും ഇനി കഴിഞ്ഞെന്ന് വരില്ല, മുറിവേൽപ്പിക്കുമ്പോൾ രക്തം വരുന്ന ആനിമേഷൻ ഉപേക്ഷിക്കാനോ, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റാനോ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ബിജിഎംഐ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന ആരോപണം രാജ്യസഭയിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ടതോടെയാണ് ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. ഉത്തർപ്രദേശിൽ ഗെയിമിന് അടിമയായ ഒരു വിദ്യാർഥി അമ്മയെ കൊലപ്പെടുത്തിയ വാർത്തകൾക്ക് പിന്നാലെ ബിജിഎംഐ-ക്കെതിരായ നടപടികൾക്ക് വേഗത കൂടി. ഗെയിമിനോടുള്ള ആസക്തി കാരണം കുറ്റകൃത്യങ്ങൾ ചെയ്ത കുട്ടികളുടെ നിരവധി വാർത്തകളാണ് ആ സമയത്ത് വന്നിരുന്നത്.

Tags:    
News Summary - BGMI release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.