‘വാദിയെ പ്രതിയാക്കി’! ചാറ്റ്ജി.പി.ടിക്കെതിരെ ലോകത്തിലെ ആദ്യ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി ഒരു മേയർ

ഓപൺഎ.ഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിക്കെതിരെ ലോകത്തിലെ ആദ്യ മാനനഷ്ടക്കേസ് നൽകാനൊരുങ്ങുകയാണ് ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയറായ ബ്രയാൻ ഹുഡ്. ചാറ്റ്ജി.പി.ടി തനിക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തിയില്ലെങ്കിൽ ഓപൺഎ.ഐ-ക്കെതിരെ കോടതി കയറുമെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി കേസിൽ മേയർ ജയിലിൽ കിടന്നിട്ടുണ്ടെന്നാണ് ചാറ്റ്ജി.പി.ടി അവകാശപ്പെട്ടത്.

കഴിഞ്ഞ നവംബറിലാണ് ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത്. 2000-ത്തിന്റെ തുടക്കത്തിൽ റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതിയിൽ ബ്രയാൻ ഹുഡിനെ ചാറ്റ്ജി.പി.ടി തെറ്റായി പ്രതിചേർക്കുകയായിരുന്നു. ചില ജനപ്രതിനിധികൾ അത് മേയറുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് നിയമനടപടിയിലേക്ക് പോകാൻ മേയർ തീരുമാനിച്ചത്.

‘‘നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടിയാണ് ഹുഡ് ജോലി ചെയ്തിരുന്നത്, എന്നാൽ കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നതിന് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനെക്കുറിച്ച് അധികാരികളെ അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരിക്കലും ഒരു കുറ്റവും ചുമത്തിയിട്ടില്ല’’, -മേയറെ പ്രതിനിധീകരിച്ച അഭിഭാഷകർ പറഞ്ഞു.

തനിക്ക് അപമാനം സൃഷ്ടിക്കുന്ന തരത്തിൽ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ചാറ്റ്ജി.പി.ടിയുടെ ഉടമകളായ ഓപൺഎ.ഐ-ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നാണ് മേയർ പറയുന്നത്. മാർച്ച് 21-ന് ഓപൺഎ.ഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായി അഭിഭാഷകർ പറഞ്ഞു. മേയറെ കുറിച്ച് ചാറ്റ്ജി.പി.ടിയിൽ വന്ന പിശകുകൾ പരിഹരിക്കാൻ ഓപ്പൺഎഐക്ക് 28 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അല്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറാകണമെന്നും കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

അതേസമയം, സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപൺഎ.ഐ ഇതുവരെ ഹുഡിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ബ്രയാൻ ഹുഡ് കേസ് കൊടുക്കകയാണെങ്കിൽ ഉള്ളടക്കത്തിന്റെ പേരിൽ ചാറ്റ്ജി.പി.ടി നേരിടുന്ന ആദ്യത്തെ മാനനഷ്ട കേസായിരിക്കുമത്.

Tags:    
News Summary - Australian mayor may file defamation suit against ChatGPT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.