സ്മാർട് വാച്ചുകൾ വിപണി കീഴടക്കിയ ഇക്കാലത്ത്, മെക്കാനിക്കൽ വാച്ച് നിർമാതാക്കൾ എങ്ങനെ പിടിച്ചു നിൽക്കും? ഈ ചോദ്യത്തിന് സ്വിറ്റ്സർലൻഡിലെ വാഷറോൺ കോൺസ്റ്റന്റീൻ എന്ന കമ്പനി ഉത്തരം പറയും. ഇന്നേവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണമായൊരു വാച്ച് തയാറാക്കിയിരിക്കുകയാണ് അവർ. ‘സോളാറിയ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ‘സ്മാർട് വാച്ച്’ കഴിഞ്ഞ ദിവസം വിപണിയിലെത്തി. സമയ ഗണന മാത്രമല്ല ഈ വാച്ചിന്റെ ധർമം. ആകാശത്ത് സൂര്യന്റെ സ്ഥാനം ഗണിക്കുന്നതുൾപ്പെടെ നിരവധി ‘ആപ്ലിക്കേഷനുകൾ’ ഇതിലുണ്ട്.
ഒരേ സമയം മൂന്ന് സമയങ്ങൾ ഈ വാച്ചിൽ കാണാം. ഒന്ന്, സാധാരണ 24 മണിക്കൂർ സമയം; മറ്റൊന്ന് സൗരദിനം. മൂന്നാമത്തേത്, നിശ്ചിത നക്ഷത്രത്തെ അപേക്ഷിച്ച് ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള സമയവ്യാപ്തിയായ സൈഡീരിയൽ സമയം. ഇതോടൊപ്പം, ഓരോ സമയത്തും ഏതൊക്കെ നക്ഷത്രങ്ങളാണ് ആകാശത്ത് കാണാൻ സാധിക്കുക എന്നതും വാച്ചിലൂടെ അറിയാൻ സാധിക്കും. എന്നുവെച്ചാൽ, രാശി ചക്രത്തിലെ 13 രാശികളും കൃത്യമായി അറിയാം. ഇതിനുപുറമെ, സ്റ്റോപ് വാച്ച്, കലണ്ടർ, മറ്റു ജ്യോതിഃശാസ്ത്ര സംബന്ധമായ വിവരങ്ങൾ എന്നിവയും വാച്ചിലൂടെ അറിയാനാകും.
എട്ടു വർഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ഈ വാച്ച് വികസിപ്പിച്ചതെന്ന് കമ്പനി വക്താക്കൾ പറയുന്നു. 1521 വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ത്തൊരുക്കിയ വാച്ചിനായി 13 പേറ്റന്റുകൾ കമ്പനി വികസിപ്പിച്ചു. രണ്ടിഞ്ചിൽ താഴെയാണ് വാച്ചിന്റെ കെയ്സിന്റെ വലിപ്പം. 18 കാരറ്റ് വൈറ്റ് ഗോള്‍ഡ് കൊണ്ടാണ് കെയ്സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രനീലം ഉള്‍പ്പെടെയുള്ള രത്നങ്ങളും വാച്ചിൽ പതിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.