നൊസ്റ്റാൾജിയ ഉണർത്താൻ സോണിയുടെ റെട്രോ ഹെഡ്ഫോൺ; സ്ട്രേഞ്ചർ തിങ്സ് ആരാധകർക്കായി പ്രത്യേക എഡിഷൻ
1979ലെ ഐതിഹാസികമായ വാക്ക്മാൻ ഡിസൈനുകൾ ഓർമയില്ലേ. ഇപ്പോളിതാ എൺപതുകളിലെ ട്രെന്റിങ് ഹെഡ്സെറ്റുകൾ ആധുനീക ടെക്നോളജിയോടൊപ്പം സമന്വയിപ്പിച്ച് പുതിയ രൂപത്തിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് സോണി. ആദ്യകാല വാക്ക്മാനൊപ്പം വന്ന MDR-3R വയേർഡ് ഹെഡ്ഫോണുകളുടെ ആധുനിക പതിപ്പാണ് സോണി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. റെട്രോ ഭംഗിയും ആധുനിക സാങ്കേതികവിദ്യയും സമയോചിതമായി കോർത്തിണക്കിയാണ് ഈ പുതിയ ഉൽപ്പന്നം പുറത്തിറക്കിയിരിക്കുന്നത്.
1979-ലെ ഒറിജിനൽ ഹെഡ്ഫോണിന്റെ ഭാരം കുറഞ്ഞ ഓപ്പൺ-ഇയർ രൂപകൽപ്പന അതേപടി നിലനിർത്തിയിട്ടുണ്ട്. മികച്ച സുഖസൗകര്യത്തിനായി ശക്തമായ മെറ്റൽ ഹെഡ്ബാൻഡ് ഘടനയും ഇതിൽ നൽകിയിരിക്കുന്നു. പഴയകാല ഓർമ്മകൾ ഉണർത്തുന്നതിനായി ഉപയോക്താക്കൾക്ക് മാറ്റിയെടുക്കാവുന്ന നീല, ഓറഞ്ച് നിറങ്ങളിലുള്ള ഇയർ പാഡുകളും സ്റ്റാൻഡേർഡ് മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറിജിനൽ അൺബോക്സിങ് അനുഭവം നൽകുന്ന രീതിയിലാണ് ഇതിന്റെ പാക്കേജിംഗും യൂസർ മാനുവലും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പഴയകാല മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ആധുനിക സ്മാർട്ട്ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ സഹായിക്കുന്ന USB-C കണക്റ്റിവിറ്റിയാണ് ഇതിലുള്ളത്. ബ്ലൂടൂത്ത് പെയറിംഗിന്റെ ബുദ്ധിമുട്ടുകളോ ബാറ്ററി ചാർജ് തീരുന്നതിനെക്കുറിച്ചുള്ള ആശങ്കകളോ ഇല്ലാതെ ഇത് ഉപയോഗിക്കാം. കൂടാതെ, കോളുകൾക്കായി ബിൽറ്റ്-ഇൻ മൈക്രോഫോണും പാട്ടുകൾ നിയന്ത്രിക്കാൻ ഇൻ-ലൈൻ റിമോർട്ടും ഇതിൽ നൽകിയിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ വെബ്സീരീസായ സ്ട്രേഞ്ചർ തിങ്സ് ആരാധകർക്കായി സോണി ഒരു പ്രത്യേക ലിമിറ്റഡ് എഡിഷൻ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. സീരീസിന്റെ 1980-കളിലെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഈ പതിപ്പിൽ ചുവപ്പും കറുപ്പും കലർന്ന ഇയർ പാഡുകളും, ലോഗോയും പ്രത്യേക റെട്രോ പാക്കേജിംഗും ഉൾപ്പെടുന്നു. ഇന്ത്യയിലെ ഔദ്യോഗിക വിലയും ലോഞ്ച് തീയതിയും സോണി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ ഉപഭോക്താക്കൾ ഇനിയും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.