ഗുണനിലവാരമില്ലാത്ത സ്മാർട്ട്ഫോൺ സ്ക്രീൻ ഗ്ലാസുകൾക്ക് പൂട്ടുവീഴുന്നു; പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര സർക്കാർ

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും സ്ക്രീൻ ഗ്ലാസ് ഉപയോഗിക്കുന്നവരാണ്. ഫോൺ താഴെ വീഴുമ്പോൾ ഡിസ്‌പ്ലേ പൊട്ടാതെ സംരക്ഷിക്കാൻ ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഇത്തരം ഗ്ലാസുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം വന്നിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത സ്ക്രീൻ ഗ്ലാസുകൾ തടയുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കർശനമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഇനി മുതൽ വിപണിയിലെത്തുന്ന സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾ കനം, അളവ്, വെളിച്ചം കടത്തിവിടുന്നതിനുള്ള ശേഷി, ബലം തുടങ്ങിയ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടാതെ ഇവയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഔദ്യോഗിക 'സ്റ്റാൻഡേർഡ്' മാർക്കും ഉണ്ടായിരിക്കണം. ഈ നിബന്ധനകൾ പാലിക്കാത്ത ഒരു ഉൽപ്പന്നവും ഇന്ത്യയിൽ നിർമിക്കാനോ, വിൽപനക്കായി സൂക്ഷിക്കാനോ, ഇറക്കുമതി ചെയ്യാനോ, വിതരണം ചെയ്യാനോ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഈ നിയമങ്ങൾ പൂർണ്ണ തോതിൽ നടപ്പിലാക്കുന്നതിനായി സർക്കാർ ഒരു അവസാന തീയതിയും നിശ്ചയിച്ചിട്ടുണ്ട്. 2027 ഏപ്രിൽ 1 മുതൽ ഈ മാനദണ്ഡങ്ങൾ നിർബന്ധമാകും. അതുവരെ വ്യാപാരികൾക്കും നിർമാതാക്കൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പുതിയ നിലവാരത്തിലേക്ക് മാറ്റാൻ സമയം ലഭിക്കും.

നിലവിൽ വിപണിയിലുള്ള സ്ക്രീൻ പ്രൊട്ടക്ടറുകളിൽ ഭൂരിഭാഗവും കുറഞ്ഞ ചെലവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. പലതും പെട്ടെന്ന് പൊട്ടിപ്പോകുന്നവയും ഗുണനിലവാരം ഇല്ലാത്തവയുമാണ്. പുതിയ നിയമം വരുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഉറപ്പുള്ളതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ ലഭിക്കുമെന്ന് മാത്രമല്ല, വ്യാജ ബ്രാൻഡുകളെ ഒഴിവാക്കാനും സാധിക്കും. രാജ്യത്തെ ആഭ്യന്തര നിർമാണ മേഖലയെയും കയറ്റുമതിയെയും പ്രോത്സാഹിപ്പിക്കുന്ന ഈ സുപ്രധാന നീക്കം മൊബൈൽ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Poor quality smartphone screen glass is being banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.