സർ സികോമ പെറൂജിയ താരങ്ങൾ കിരീടവുമായി ആഹ്ലാദത്തിൽ
ലോക ക്ലബ് വോളി: പെറൂജിയ ചാമ്പ്യന്മാർ
ബംഗളൂരു: അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷനു കീഴിലെ ലോക ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തി ഇറ്റാലിയൻ ക്ലബ് സർ സികോമ പെറൂജിയ. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഇതാംബെ മിനാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കിരീടധാരണം. സ്കോർ: 25-13, 25- 21, 25-19.
കാണികളെ ത്രസിപ്പിച്ച പ്രകടനം പുറത്തെടുത്ത പെറൂജിയ എതിരാളികൾക്ക് പൊരുതാനുള്ള അവസരംപോലും നൽകാതെയാണ് ആദ്യ സെറ്റ് പിടിച്ചത്. രണ്ടാം സെറ്റിൽ ഇതാംബെ ലീഡുമായി മുന്നേറിയെങ്കിലും നിർണായക സമയത്ത് ഹിറ്റുകളും ബ്ലോക്കുകളും തീർത്ത് പെറൂജിയ പോയന്റ് വാരി. മൂന്നാം സെറ്റിലും ചാമ്പ്യന്മാർ മേധാവിത്വം നിലനിർത്തിയതോടെ ലാറ്റിനമേരിക്കക്കാരുടെ കിരീടമോഹം പൊലിഞ്ഞു. ഇരു ടീമും 29 അറ്റാക്കുകൾ തീർത്തപ്പോൾ ബ്ലോക്കിലും സെർവിലും മികച്ചുനിന്ന പെറൂജിയക്ക് എതിർ ടീമിന്റെ 27 പിഴവുകളും സംഭാവനയായി. വൈകീട്ട് നടന്ന ലൂസേഴ്സ് ഫൈനലിൽ ജപ്പാൻ ക്ലബായ സൺടറി സൺബേഡ്സ് രണ്ടിനെതിരെ മൂന്നു സെറ്റിന് തുർക്കി ക്ലബായ ഹൾക്ബാങ്ക് സ്പോറിനെ വീഴ്ത്തി. സ്കോർ: 17-25, 23-25, 25-21, 25-19, 15-12. ആദ്യ രണ്ടു സെറ്റും നഷ്ടമായശേഷം പൊരുതിവന്ന ജപ്പാൻകാർ അവസാന സെറ്റിൽ കളി പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.