‘അവൾ ഓട്ടോക്കാരന്റെ മകളല്ലേ, എന്താകാൻ!’; പരിഹസിച്ചവരുടെ വായടപ്പിച്ച് ആൻസി സോജന്റെ വെള്ളിത്തിളക്കം
ഹങ്ഷൂ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം ആൻസി സോജൻ കരിയറിൽ താൻ നേരിട്ട അവഗണനകൾക്കും പരിഹാസങ്ങൾക്കുമെതിരെ മനസ്സുതുറക്കുന്നു. തന്നിലെ കായികതാരത്തെ നിസ്സാരമാക്കി തള്ളിക്കളഞ്ഞവർക്ക് കളിക്കളത്തിലെ തിളക്കമാർന്ന പ്രകടനം കൊണ്ടാണ് ആൻസി മറുപടി നൽകിയത്.
"ഒന്നും ആകില്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയവർ ഒട്ടേറെയാണ്. 'ഒരു ഓട്ടോ ഡ്രൈവറുടെ മകൾക്ക് എന്തുചെയ്യാൻ കഴിയും' എന്ന് ചോദിച്ച് പരിഹസിച്ചവരുമുണ്ട്. എന്നാൽ, അവരുടെയെല്ലാം വിചാരങ്ങൾക്കും അപ്പുറത്തേക്ക് വളരാൻ ഇന്ന് എനിക്ക് സാധിച്ചു," ഏഷ്യൻ ഗെയിംസ് നേട്ടത്തിന് പിന്നാലെ ആൻസി പറഞ്ഞു. കഠിനാധ്വാനവും ദൈവാനുഗ്രഹവും കൊണ്ടുമാത്രമാണ് ഈ നിലയിലെത്തിയതെന്നും ലക്ഷ്യബോധത്തോടെ അധ്വാനിച്ചാൽ ഏത് പ്രതിബന്ധവും മറികടക്കാമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
മത്സരത്തിൽ 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി മെഡൽ കരസ്ഥമാക്കിയത്. വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണമെഡൽ നഷ്ടമായത്. അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. വെള്ളി മെഡൽ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെങ്കിലും സ്വർണം കൈവിട്ടുപോയതിൽ ചെറിയ നിരാശയുണ്ടെന്ന് ആൻസി വ്യക്തമാക്കി.
മത്സരദിവസത്തെ പ്രതികൂല കാലാവസ്ഥ തന്റെ പ്രകടനത്തെ അല്പം ബാധിച്ചുവെന്നും 6.60 മീറ്ററാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ആൻസി പറഞ്ഞു. ഈ സീസണിലെ മത്സരങ്ങൾ ഇതോടെ അവസാനിക്കുകയാണെന്നും പോരായ്മകൾ തിരുത്തി അടുത്ത സീസണിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും മലയാളി താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.