കൊച്ചി: സംസ്ഥാനത്താദ്യമായി സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ ആരംഭിച്ച വനിത ഫുട്ബാൾ അക്കാദമിയുടെ ഭാഗമായുള്ള ഹോസ്റ്റൽ പൂട്ടി. ഇതേ തുടർന്ന് ഇവിടെ താമസിച്ച് പരിശീലനം നേടിക്കൊണ്ടിരുന്ന താരങ്ങൾ പെരുവഴിയിലായി. കടവന്ത്രയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലാണ് വാടക കരാർ അവസാനിച്ചതിനെ തുടർന്ന് പൂട്ടിയത്. ഇതുമൂലം 20ലേറെ താരങ്ങൾക്ക് പരിശീലനത്തിന് അവസരമില്ലാതെ സ്വന്തം വീട്ടിൽ നിൽക്കേണ്ട സാഹചര്യമാണ്. തിങ്കളാഴ്ച സ്കൂൾ തുറന്നിട്ടും ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ പരിശീലനം മാത്രമല്ല, ക്ലാസും മുടങ്ങിയതിന്റെ ആശങ്കയിലാണ് ഇവർ.
വിവിധ കാറ്റഗറിയിൽ കേരള ടീമിന്റെ ക്യാപ്റ്റൻമാരായവരും സുബ്രതോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവരുമെല്ലാം അക്കാദമി താരങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സ്പോർട്സ് കൗൺസിലിനു കീഴിൽ 2022ലാണ് എറണാകുളം പനമ്പിള്ളി നഗർ കേന്ദ്രീകരിച്ച് അണ്ടർ 14 വനിത ഫുട്ബാൾ അക്കാദമി ആരംഭിച്ചത്. സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് ഇവരുടെ പരിശീലനം.
ഇതോടനുബന്ധിച്ച് കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം വനിത ഹോസ്റ്റലും ആരംഭിച്ചു. മൂന്നു വർഷമായതോടെ കെട്ടിട ഉടമ വാടക കൂട്ടിച്ചോദിക്കുകയും ഇതിന് കൗൺസിൽ തയാറാവാത്തതിനെ തുടർന്ന് ഒഴിയാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് മാർച്ചിൽ ഹോസ്റ്റൽ പൂട്ടിയപ്പോൾ തന്നെ വിദ്യാർഥികൾ സ്വന്തം സാധനങ്ങളുമായാണ് മടങ്ങിയത്. സ്കൂൾ തുറക്കും മുമ്പേ ഹോസ്റ്റൽ ശരിയാകും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഒന്നുമാകാത്തതിനാൽ ആർക്കും തിരിച്ചുവരാൻ സാധിച്ചിട്ടില്ല. ഇതിനിടെ ഹോസ്റ്റലിലെ കട്ടിൽ, മേശ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ട് ബോയ്സ് ഹോസ്റ്റലിലെ മെസ് നിറച്ചതിനാൽ, ഇവിടുത്തെ പ്രവർത്തനവും താളം തെറ്റി.
കൊച്ചി ഫോർഷോർ റോഡിലെ ട്രൈബൽ കോംപ്ലക്സിലേക്ക് ഹോസ്റ്റൽ മാറ്റുന്നതിനുള്ള നീക്കങ്ങൾ നടന്നുവരികയാണ്. ഇതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ അനുമതി തേടിയുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹോസ്റ്റൽ മാറുമ്പോഴേക്ക് പരിശീലനത്തിന്റെ നല്ലൊരു കാലയളവും അവസാനിക്കുമെന്ന ആധിയിലാണ് കുട്ടികളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.