'റണ്ണടിച്ചിട്ടും സഞ്ജു പുറത്ത്', റണ്ണെടുക്കാത്ത പന്ത് അകത്ത്, ഇത് ബി.സി.സി.ഐയുടെ കള്ളക്കളി'

ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റിൽ സമീപകാലത്ത് മോശം പ്രകടനം കാ​ഴ്ചവെക്കുമ്പോഴും ഋഷഭ് പന്ത് സ്ഥിരമായി ഇന്ത്യൻ ടീമിലെത്തുകയും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിനെ തഴയുകയും ​ചെയ്യുന്നതിനെതിരെ ആരാധകർ. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സ്വജനപക്ഷപാതമാണ് ടീം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് കളിക്കമ്പക്കാർ ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നു. ദുബൈയിൽ നടന്ന ഏഷ്യാ കപ്പിൽ ബാറ്റിങ്ങിലും കീപ്പിങ്ങിലും വൻ പരാജയമായിട്ടും ഋഷഭ് പന്ത് ലോകകപ്പിനുള്ള ടീമിലും പ്രധാന വിക്കറ്റ് കീപ്പറായി ഇടം പിടിച്ചതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിക്കുന്നത്. ആസ്ട്രേലിയയിൽ സഞ്ജുവിന്റെ കേളീശൈലി ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 'സ്റ്റാൻഡ്ബൈ ലിസ്റ്റിലെങ്കിലും സഞ്ജുവിനെ ഉൾപ്പെടുത്തണമായിരുന്നു' എന്ന് പലരും ആവശ്യപ്പെട്ടു.


'സഞ്ജുവിന്റെ ബാക്ക് ഫൂട്ടിലുള്ള കളി കേമമാണ്. ഐ.പി.എല്ലിൽ അദ്ദേഹത്തിന്റെ പല ഷോട്ടുകളും അത് തെളിയിക്കുന്നു. പിക്കപ് പുൾ, കട്ട് ഷോട്ടുകൾ, ബൗളറുടെ തലക്ക് മുകളിലൂടെ പറത്തുന്ന ഷോട്ടുകൾ എന്നിവയൊക്കെ സഞ്ജുവിന്റെ ക്ലാസ് തെളിയിക്കുന്നവയാണ്. ആസ്ട്രേലിയയിൽ നമ്മുടെ താരങ്ങൾക്ക് അത്തരം ഷോട്ടുകൾ കളിക്കുക എളുപ്പമല്ല. എന്നാൽ, സഞ്ജുവിന് ആ കിവ് വേണ്ടുവോളമുണ്ട്.' -കളിയെഴുത്തുകാരൻ പ്രസൻജിത് ഡേ നിരീക്ഷിക്കുന്നു.


'സഞ്ജു സാംസണി​ന്റെ കരിയർ ബി.സി.സി.ഐയുടെ രാഷ്ട്രീയക്കളി നശിപ്പിക്കുകയാണ്. ഫോമിലുള്ളപ്പോൾ അനായാസവും വിസ്​ഫോടനാത്മകവുമായി അ​ദ്ദേഹം ബാറ്റുചെയ്യുന്നു. ഒരു വലിയ കളിക്കാരന്റെ സേവനം ബി.സി.സി.ഐ നഷ്ടപ്പെടുത്തുകയാണ്' -ട്വിറ്ററിൽ ഒരാൾ കുറിച്ചു. സഞ്ജുവിനെപ്പോലെ അനായാസം കൂറ്റൻ സിക്സറുകൾ പറത്താൻ കഴിയുന്ന കളിക്കാരനെ ഇന്ത്യൻ ടീമിൽ ഉൾപെടുത്തി ആസ്ട്രേലിയയിൽ ഓപണറായി പരീക്ഷിക്കണമെന്ന് മറ്റൊരു ആരാധകൻ ആവശ്യപ്പെടുന്നു.


'സഞ്ജു സാംസൺ ആയിരിക്കുക എളുപ്പമല്ല. ലോകം നിങ്ങളുടെ പ്രതിഭയെ അറിയും. പക്ഷേ, ബി.​സി.സി.ഐ ബോധപൂർവം നിങ്ങളെ അവഗണിക്കും' -ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു. സഞ്ജുവിനെ പുറത്തിരുത്തി, ട്വന്റി20യിൽ സ്ഥിരമായി നിറംമങ്ങുന്ന ഋഷഭ് പന്തിന് ടീമിൽ സ്ഥിരമായി സ്ഥാനം നൽകുന്നതിനെ വിമർശിച്ചായിരുന്നു ട്വീറ്റുകളിൽ അധികവും.  

Tags:    
News Summary - Twitter fumes as BCCI ignores Sanju Samson from India squad for T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.