ട്രീസ ജോളിയും കുടുംബവും (ഫയൽ)
ചെറുപുഴ (കണ്ണൂർ): പുളിങ്ങോം എന്ന മലയോരഗ്രാമത്തില പൊടിമണ് കോര്‍ട്ടില്‍നിന്ന് കളിച്ചുവളര്‍ന്ന ട്രീസ ജോളിക്ക് അർജുന അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂരിന്റെ മലയോരം. മാസങ്ങള്‍ക്കുമുമ്പ് തന്നെ അർജുന അവാര്‍ഡിനുള്ള പട്ടികയില്‍ ട്രീസ ഇടംപിടിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് നാട് ശ്രവിച്ചത്. എന്നാല്‍, അവാര്‍ഡ് പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രഖ്യാപനം അറിഞ്ഞതോടെ വീടും നാടും ആഹ്ലാദത്തിലായി. ഇപ്പോള്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ട്രീസ ഡല്‍ഹിയിലാണ്. എങ്കിലും നിരവധിപേരാണ് ട്രീസയുടെ പുളിങ്ങോം ഉമയംചാലിലെ വീട്ടിലെത്തി ആഹ്ലാദം പങ്കിട്ടത്.
ട്രീസയുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് പുരസ്കാര നേട്ടമെന്ന് പിതാവ് ജോളിയും മാതാവ് ഡെയ്സിയും പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ ട്രീസയെ ബാഡ്മിന്റണ്‍ പരിശീലിപ്പിച്ചു തുടങ്ങിയത് പിതാവും കായികാധ്യാപകനുമായ ജോളിയാണ്. ഏഴാംതരം വരെ പിതാവ് തന്നെയായിരുന്നു മകളുടെ പരിശീലകന്. ട്രീസക്കും സഹോദരി മരിയക്കും ബാഡ്മിന്റണ്‍ പരിശീലിക്കാന്‍ സ്വന്തമായി ഇന്‍ഡോര്‍ കോര്‍ട്ട് തന്നെ നിര്‍മിച്ചാണ് മകള്‍ക്ക് കായികരംഗത്തെ മികവിലേക്ക് പിതാവ് ജോളി വഴിതെളിച്ചത്. മകളുടെ തുടര്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും വേണ്ടി തുടര്‍ച്ചയായി യാത്രചെയ്യേണ്ടി വന്നതിനാല്‍ ജോളി പിന്നീട് ജോലി രാജിവെച്ചു.
ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ പരിശീലനമാണ് ട്രീസയെ അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കുന്ന ബാഡ്മിന്റണ്‍ താരമാക്കി മാറ്റിയത്. സബ് ജൂനിയര്‍ ഏഷ്യന്‍ ഗെയിംസ്, റഷ്യയില്‍ നടന്ന ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്, ബംഗ്ലാദേശിലും ദുബൈയിലും നടന്ന രാജ്യാന്തര മത്സരങ്ങള്‍, ഡെന്മാര്ക്കില് നടന്ന തോമസ് ആന്‍ഡ് ഹ്യൂബര്‍ കപ്പ് എന്നിവയിലെല്ലാം ട്രീസ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനം നടത്തി. ഡബിള്‍സില്‍ ട്രീസയുടെ മികച്ച പങ്കാളിയായി ഗായത്രി ഗോപീചന്ദ് കൂടി ചേര്‍ന്നതോടെ ഇവരുടെ പ്രകടനം പ്രവചനാതീതമായി. ട്രീസയും ഗായത്രി ഗോപീചന്ദും ചേര്‍ന്ന സഖ്യം ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയ ആദ്യ ഇന്ത്യന്‍ ഡബിള്‍സ് സഖ്യമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതി പ്രകാരം ദത്തെടുക്കപ്പെട്ട ട്രീസ ജോളി, തലശേരി ബ്രണ്ണന്‍ കോളജില്‍നിന്നും ബി.ബി.എ പൂര്‍ത്തിയാക്കി എം.ബി.എ പഠനത്തിന് തയാറെടുക്കുകയാണ്. ട്രീസയുടെ സഹോദരി മരിയ ജൂനിയര്‍ വിഭാഗത്തില്‍ മുന്‍ സംസ്ഥാന ടീമംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.