ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണചോർച്ച; നാലു വർഷത്തിനിടെ ചോർന്നുപോയത് ഏഴു സ്വർണം
ന്യൂഡൽഹി: വൻകരയുടെ മേള ചൈനയിലെ ഹാങ്ചുവിൽ നിന്നും ജപ്പാനിലെ ഐച്ചി നഗോയയിലെത്തിയപ്പോൾ ഇന്ത്യയുടെ മെഡൽ പട്ടികയിൽ നിന്നും ചോർന്നുപോയ സ്വർണത്തിന്റെ എണ്ണം നൽകുന്ന സൂചനയെന്ത്..?. ഏഷ്യൻ ഗെയിംസ് സമാപിക്കുമ്പോൾ ഏറെ ചർച്ചയാവേണ്ടതും ഈ മെഡൽ ചോർച്ച തന്നെ. 2022 ഹാങ്ചു ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ 28 സ്വർണമാണ് നേടിയതെങ്കിൽ, ഇത്തവണ അതേ നാലാം സ്ഥാനം നിലനിർത്തിയെങ്കിലും മെഡൽ പട്ടികയിൽ വലിയ ചോർച്ചയാണുണ്ടായത്. നാലുവർഷം മുമ്പ് 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകൾ നേടിയപ്പോൾ ഇത്തവണ 21 സ്വർണം ഉൾപ്പെടെ ആകെ മെഡൽ നേട്ടം 85 ആയി ചുരുങ്ങി. നഷ്ടമായത് ഏഴ് സ്വർണം. ഷൂട്ടിങ്ങിലും ആർച്ചറിയിലുമെല്ലാം മെഡൽ നഷ്ടങ്ങളുടെ കണക്കുകളാണ് ബാക്കിയുള്ളത്. കഴിഞ്ഞ തവണ ഷൂട്ടിങ്ങിൽ മാത്രം ഏഴ് സ്വർണം പിറന്നപ്പോൾ ഇത്തവണയത് മൂന്നായി. എന്നാൽ, ഇന്ത്യ സ്വർണം നേടിയ ഏഴ് ഷൂട്ടിങ് ഇനത്തിലും ഇത്തവണ നിലനിർത്താനായില്ല. ആർച്ചറി കോമ്പൗണ്ടിലും, കബഡി, ക്രിക്കറ്റ്, ഹോക്കി പുരുഷ സ്വർണത്തിലും നിലനിർത്താനായതൊഴിച്ചാൽ നഷ്ടങ്ങളുടെയും തിരിച്ചടികളുടേതുമാണ് ഐച്ചി നഗോയയിലെ ബാലൻസ് ഷീറ്റ്. അത്ലറ്റിക്സാണ് തിരിച്ചടിയേറ്റ മറ്റൊരു വിഭാഗം. ആറ് സ്വർണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 2022ലെ അത്ലറ്റിക്സിൽ 29 മെഡലുകൾ പിറന്നപ്പോൾ, ഇപ്പോഴത് ഒരു സ്വർണം, ഒമ്പത് വെള്ളി, 14 വെങ്കലമായി ചുരുങ്ങി. ആറിനുപകരം വന്നത് ഒരു സ്വർണം മാത്രം. അതാവട്ടെ റിലേയിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.