'തൊട്ടിലാട്ടി' വൈഭവിന് യാത്രയപ്പ്; സയ്യിം അയ്യൂബ്ബിനെ വിമർശിച്ച് മുൻ പാക് താരം

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഫൈനലിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് ശേഷം പാകിസ്താൻ താരം സയ്യിം അയ്യൂബ് നടത്തിയ ആഘോഷ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് കമ്രാൻ അക്മൽ. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് സയ്യിം ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അന്താരാഷ്ട്ര മത്സരമാണെന്നും താരം പ്രകടനങ്ങളിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഒരു സ്പോർട്സ് ചർച്ചാ പരിപാടിക്കിടെ കൂട്ടിച്ചേർത്തു.

ഇന്ത്യ - പാകിസ്താൻ ഫൈനലിൽ ഒമ്പത് പന്തിൽ 15 റൺസുമായി നിന്ന വൈഭവിനെ പുറത്താക്കിയപ്പോൾ സയ്യിം ഇന്ത്യൻ താരത്തെ കളിയാക്കി കൊണ്ടാണ് ആഘോഷിച്ചത്. ഒരു കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന രീതിയിലാണ് പാക് താരം വൈഭവിന് യാത്രയപ്പ് നൽകിയത്. എന്നാൽ, താരത്തിന്റെ ആഘോഷം ശ്രദ്ധിക്കാതെ ഇന്ത്യൻ താരം ഡഗൗട്ടിലേക്ക് മടങ്ങി. മത്സരത്തിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഈ ആഘോഷമാണ് അക്മലിനെ ചൊടിപ്പിച്ചത്.

"ഇത്തരം കാര്യങ്ങൾ വളരെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രകടനം അത്ര മികച്ചതല്ല. എന്നാൽ, നമ്മൾ സാമൂഹിക മാധ്യമങ്ങൾക്ക് വേണ്ടി ഇങ്ങനെ ഓരോ കാര്യങ്ങൾ ചെയ്തുകൂട്ടുന്നുണ്ട്. ടീം മാനേജ്‌മന്റ് ഇതിനെകുറിച്ച് ചിന്തിക്കണം. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. അവന് 13, 14, 15 വയസ്സ് ആകട്ടെ, അവൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. സയ്യിം അയ്യൂബ്ബ് ഒരു കുട്ടിയല്ല. അവൻ തന്റെ പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം," - അക്മൽ പറഞ്ഞു.

ഫൈനലിൽ സയ്യിം നടത്തിയ ആഘോഷ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമര്‍ശനമുയർന്നതോടെ അക്മലിന് പുറമെ പല മുതിർന്ന പാക് താരങ്ങളും അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം, ഫൈനലിൽ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സംഘം നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 

Tags:    
News Summary - "Doing It For Social Media": Pakistan Great Blasts Saim Ayub For Vaibhav Sooryavanshi Sendoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.