നീരജ് യാദവ്
ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി
ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ നേടിയ നീരജ് യാദവ് ജീവനൊടുക്കി. ഡൽഹിയിലെ വസതിയിൽ ബുധനാഴ്ച രാവിലെ വിഷം കഴിച്ച് മരിച്ച നിലയൽ കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ പാരാ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകനായ എസ്. സത്യനാരായണയാണ് മരണവിവരം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കുകയാണെന്നും
ഏറെ നിർഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. 42കാരനായ നീരജ് യാദവ് എഫ് 55 വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്. ഈ മാസം ആദ്യം ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടർന്നുള്ള വിലക്ക് കാരണം പങ്കെടുക്കാൻ കഴിയാതിരുന്നതിൽ നീരജ് വലിയ മാനസിക വിഷമത്തിലായിരുന്നു.
ഇതാണോ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. “മരണത്തിന്റെ യഥാർഥ കാരണം എന്താണെന്ന് അറിയില്ല. എന്നാൽ ഒരു കായികതാരം ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ സമചിത്തതയോടെ നേരിടണം. അദ്ദേഹം ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത് നിർഭാഗ്യകരമാണെന്നും സത്യനാരായണ കൂട്ടിച്ചേർത്തു. നീരജ് യാദവ് ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന മത്സരത്തിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ അദ്ദേഹം, 2023ൽ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലും സ്വർണം നേടി.
ഏഴാം വയസ്സിൽ പോളിയോ ബാധിച്ചതിനെത്തുടർന്നുള്ള പക്ഷാഘാതം സ്ഥിരീകരിക്കപ്പെട്ട നീരജ് ആദ്യം വീൽചെയർ ടെന്നീസിലാണ് പരിശീലനം ആരംഭിച്ചത്. പിന്നീട് പാരാ അത്ലറ്റിക്സിലേക്ക് മാറിയ താരം അന്താരാഷ്ട്ര കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങി ഇരുന്നുകൊണ്ട് മത്സരിക്കുന്ന ഫീൽഡ് ഇനങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണ് എഫ് 55. ഈ വിഭാഗത്തിലായിരുന്നു നീരജ് യാദവ് മത്സരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.