ലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ ഇത്തവണ ആദ്യ കടമ്പയിൽ തട്ടിവീണവരുടെ എണ്ണം കൂടി. പുരുഷ, വനിത വിഭാഗങ്ങളിലായി 23 മുൻനിര സീഡഡ് താരങ്ങൾ ഒന്നാം റൗണ്ടിൽ ഇടറിവീണു. മൂന്നുതവണ ഗ്രാൻഡ് സ്ലാം ഫൈനലിസ്റ്റും ടൂർണമെന്റിലെ മൂന്നാം സീഡുമായ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫ്രാൻസിന്റെ ആർതർ റിൻഡർനെഷിനോട് തോറ്റു. സ്കോർ: രണ്ട് ദിവസങ്ങളിലായി പൂർത്തിയായ മത്സരത്തിൽ 7-6, 6-7, 6-3, 6-7, 6-4 എന്ന സ്കോറിനായിരുന്നു ആർതറിന്റെ ജയം. വിംബ്ൾഡൺ കർഫ്യൂ എന്ന നിയമപ്രകാരം രാത്രി 11 മണിക്ക് ശേഷം മത്സരം പാടില്ല. അതിനാൽ, രണ്ട് ദിവസങ്ങളിലായാണ് ഈ വീറുറ്റ പോരാട്ടം നടന്നത്. കഴിഞ്ഞ ദിവസം മത്സരം നിർത്തിവെക്കുമ്പോൾ ഇരു താരങ്ങളും ഓരോ സെറ്റ് വീതം നേടിയിരുന്നു. നാലേമുക്കാൽ മണിക്കൂറാണ് മത്സരം നീണ്ടത്.
ഫ്രഞ്ച് ഓപൺ ജേത്രിയും ലോക രണ്ടാം നമ്പർ താരവുമായ അമേരിക്കയുടെ കൊക്കോ ഗഫും ആദ്യ റൗണ്ടിൽ മടങ്ങി. യുക്രെയ്നിന്റെ ഡയാന യാസ്ട്രംസ്ക 7-6, 6-1 എന്ന സ്കോറിനാണ് ഗഫിനെ തകർത്തത്. ഇത്തവണ 13 പുരുഷന്മാരും 10 വനിതകളുമാണ് ആദ്യ റൗണ്ടിൽ പൊലിഞ്ഞ ആദ്യ 32 സീഡഡ് താരങ്ങളിലുള്ളത്. ഇത് ഗ്രാൻഡ് സ്ലാമിലെ ‘റെക്കോഡാ’ണ്.
25ാം ഗ്രാൻഡ് സ്ലാം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ച് ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച് ഒന്നാം റൗണ്ടിൽ ജയിച്ചു കയറി. ഏഴുവട്ടം വിംബ്ൾഡണിൽ ജേതാവായ ഈ വെറ്ററൻ താരം ഫ്രാൻസിന്റെ അലക്സാണ്ടർ മുള്ളറെ 6-1, 6-7, 6-2, 6-2 എന്ന സ്കോറിനാണ് തോൽപിച്ചത്. വയറിന് വേദന കാരണം മത്സരത്തിനിടെ ദ്യോകോവിച്ച് ആരോഗ്യ ഇടവേള എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.