ആസ്ട്രേലിയയിൽ നിൽക്കണോ പോണോ? ദ്യോകോവിച്ചി​ന്‍റെ വിധി നാളെ അറിയാം

മെൽബൺ: റോജർ ഫെഡററും റാഫേൽ നദാലും ഒപ്പം പങ്കിടുന്ന ​ഗ്രാന്‍റ് സ്ലാം ചരിത്രം തനിക്കു മാത്രമാക്കാൻ എത്തിയ നൊവാക് ദ്യോകോവിച്ചിന് ആസ്ട്രേലിയൻ ഓപണിൽ ഇത്തവണ റക്കറ്റേന്താനാവുമോ? രാജ്യത്ത് കടുത്ത ലോക്ഡൗൺ നിലവിലിരിക്കെ കോവിഡ് വാക്സിനെടുക്കാതെ എത്തിയതിന് തടവിലാക്കപ്പെട്ട ലോക ഒന്നാം നമ്പർ താരത്തി​​ന്‍റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

വിസ ഇളവ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടണമെന്ന ആസ്ട്രേലിയൻ സർക്കാർ അപേക്ഷ കോടതി തള്ളി. ആസ്ട്രേലിയൻ സമയം രാവിലെ 10ന് കേസ് പരിഗണിക്കുന്ന ജഡ്ജി ആന്‍റണി കെല്ലി ദ്യോകോവിച്ചിന് അനുകൂല നിലപാട് സ്വീകരിച്ചാൽ താരത്തിന് ആസ്ട്രേലിയൻ ഓപണിൽ കളിക്കാം. വിധി എതിരാണെങ്കിൽ അപ്പീൽ നൽകി കാത്തിരിക്കണം. കളി ആരംഭിക്കാൻ ഒരാഴ്ച മാത്രം നിൽക്കെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

മെൽബണിൽ വ്യാഴാഴ്ച വിമാനമിറങ്ങിയ ഉടൻ കോവിഡ് ചട്ടങ്ങളുടെ പേരിൽ വിസ റദ്ദാക്കി ദ്യോകോയെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ​കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 32ഓളം സമാന തടവുകാർ കഴിയുന്ന പാർക് ഹോട്ടലിൽ ഒറ്റ മുറിയിലായിരുന്നു തടവിലാക്കിയത്. നാലു ദിവസമായി താരം ഇവിടെ കഴിയുകയാണ്.

ദ്യോകോയുടെ അഭിഭാഷകർ 35 പേജ് വരുന്ന തെളിവുകൾ തയാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് മോചനം ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.

അതേസമയം, ദ്യോകോക്ക് അനുകൂലവിധി വന്നാൽ അതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ, ദ്യോകോയുടെ തടവ് നീളും. ഇത് പ്രതിസന്ധി ഇരട്ടിയാക്കും. നാളുകളായി പരിശീലനം മുടങ്ങിക്കിടക്കുന്ന താരത്തിന് അവസാന മണിക്കൂറുകളിൽ ഇളവ് ലഭിച്ചാലും കിരീട സ്വപ്നങ്ങൾ പാതിവഴിയിലാകും.

താരങ്ങളായി അനധികൃത കുടിയേറ്റക്കാർ

ഹോട്ടലെന്നു പേരുമാത്രമുള്ള, ഒട്ടും സൗകര്യമില്ലാത്തൊരു കേന്ദ്രത്തിൽ ലോക ഒന്നാം നമ്പർ താരത്തെ അടച്ചിട്ട് ആസ്ട്രേലിയ നിയമസംരക്ഷകരുടെ കുപ്പായം എടുത്തണിഞ്ഞപ്പോൾ ലോകം ഞെട്ടലോടെ അറിഞ്ഞത് അതേ തടവറയിൽ ഏറെയായി കഴിയുന്ന മറ്റു 32 പേരുടെ കഥകൾ. മുമ്പ് അറിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായിരുന്നു പാർക് ഹോട്ടലെങ്കിലും രണ്ടു വർഷമായി ഇവിടെ അനധികൃത തടവുകാരെ മാത്രം പാർപ്പിക്കുന്ന കേന്ദ്രമാണ്.

കഴിഞ്ഞ ഒക്ടോബറിൽ 46 പേർ താമസക്കാരായുണ്ടായിരിക്കെ കോവിഡ് കൂട്ടവ്യാപനം വന്നതും ഡിസംബറിൽ അഗ്നിബാധയുണ്ടായതും ലോകം ശ്രദ്ധിച്ചിരുന്നു. ദ്യോകോയെ അടച്ചതറിഞ്ഞ് പ്രതിഷേധവുമായി എത്തിയവർ കൂടെ കുടിയേറ്റക്കാരുടെ മോചനവും ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടലിനകത്തേക്ക് ബന്ധുക്കളാർക്കും പ്രവേശനമില്ല. അത് ദ്യോകോവിച്ചിനും അനുവദിക്കപ്പെട്ടിട്ടില്ല. 

Tags:    
News Summary - Want to stay in Australia or not? Djokovic's fate will be known tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.