സിന്നർ സെമി മത്സരത്തിനിടെ

കനേഡിയൻ താരം സെമിയിൽ വീണു; യു.എസ് ഓപണിൽ സിന്നർ - അൽകാരസ് കലാശപ്പോര്

ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നിസ് ടൂർണമെന്‍റ് പുരുഷ സിംഗ്ൾസ് ഫൈനലിൽ കാർലോസ് അൽകാരസിനെ ജാനിക് സിന്നർ നേരിടും. സെമിയിൽ കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്നർ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആദ്യ സെറ്റ് സിന്നർ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഫെലിക്സ് തിരികെയെത്തി. എന്നാൽ മൂന്നും നാലും സെറ്റുകളിൽ ഫെലിക്സിന് അവസരം നൽകാതെ മുന്നേറിയതോടെ സിന്നർ ഫൈനൽ ബർത്ത് ഉറപ്പാക്കുകയായിരുന്നു. സ്കോർ: 6-1, 3-6, 6-3, 6-4. ഞായറാഴ്ചയാണ് ഫൈനൽ.

ഈ വർഷം മൂന്നാം തവണയാണ് ഗ്രാൻസ്‍ലാം ഫൈനലിൽ പരസ്പരം ഏറ്റുമുട്ടാൻ സിന്നറിനും അൽകാരസിനും അവസരമൊരുങ്ങുന്നത്. ആസ്ട്രേലിയൻ ഓപണിൽ മാത്രമാണ് വ്യത്യസ്ത ഫൈനലിസ്റ്റുകളുണ്ടായിരുന്നത്. ഫ്രഞ്ച് ഓപണിലും വിംബിൾഡണിലും ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഓരോ വിജയം വീതം നേടി. ഇറ്റാലിയൻ താരമായ സിന്നറാണ് നിലവിൽ യു.എസ് ഓപൺ വിജയി. കിരീടം നിലനിർത്താനായി സിന്നർ എത്തുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അൽകാരസും ലക്ഷ്യമിടുന്നില്ല. അതിൽത്തന്നെ ഞായറാഴ്ചത്തെ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പ്.

നേരത്തെ സെർബിയൻ താരമായ നൊവാക് ദ്യോകോവിച്ചിനെ തോൽപ്പിച്ചാണ് അൽകാരസ് ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരത്തിന്‍റെ ജയം. സ്കോർ: 4–6, 6–7 (4–7), 2–6. തുടക്കം മുതൽ മുന്നിട്ടുനിന്ന അൽകാരസ് ആദ്യ സെറ്റ് 48 മിനിറ്റിൽ സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകൾ സ്വന്തമാക്കി രണ്ടാം സെറ്റിൽ മികച്ച തിരിച്ചുവരവാണ് ദ്യോകോവിച് നടത്തിയത്.

എന്നാൽ ശക്‌തമായി തിരിച്ചടിച്ച അൽകാരസ്, തുടർന്നുള്ള മൂന്നു ഗെയിമുകൾ സ്വന്തമാക്കി ഒപ്പമെത്തി. തുടർന്ന് 6 – 6 എന്ന നിലയിൽ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറിൽ 4–7 എന്ന നിലയിൽ സെറ്റ് അൽകാരസ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ അൽകാരസിനു മുന്നിൽ പിടിച്ചു നിൽകാനാകാതെ കീഴടങ്ങുന്ന ദ്യോകോവിചിനെയാണ് കണ്ടത്. രണ്ടിനെതിരെ ആറു ഗെയിമുകൾക്ക് സെറ്റ് സ്വന്തമാക്കിയ അൽകാരസ്, ഫൈനലും ഉറപ്പിച്ചു.

കരിയറിലെ 25–ാം ഗ്രാൻഡ്സ്‍ലാം ലക്ഷ്യമിട്ടാണ് 38കാരനായ ദ്യോകോവിച് യു.എസ് ഓപൺ ടൂർണമെന്‍റിന് എത്തിയത്. ഒരു സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡ് ജോക്കോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. പ്രീക്വാർട്ടറിൽ ജർമൻ താരം യാൻ ലിന്നാർഡ് സ്ട്രഫിനെ മറികടന്നാണ് (6-3, 6-3, 6-2) ജോക്കോ യു.എസ് ഓപ്പണിലെ തന്റെ 14–ാം ക്വാ‍ർട്ടർ ഫൈനലുറപ്പിച്ചത്. കൂടുതൽ വർഷങ്ങളിൽ സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടറിലെത്തിയതിന്റെ റെക്കോർഡും കഴിഞ്ഞ ദിവസം താരം (9 തവണ) സ്വന്തമാക്കിയിരുന്നു. സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് (8) മറികടന്നത്.

Tags:    
News Summary - US Open tennis 2025: Jannik Sinner defeats Félix Auger-Aliassime in men’s semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.