മത്സരശേഷം ദ്യോകോവിചിനെ ആശ്ലേഷിക്കുന്ന അൽകാരസ്
ന്യൂയോർക്ക്: സെർബിയൻ താരമായ നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് കാർലോസ് അൽകാരസ് യു.എസ് ഓപൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരത്തിന്‍റെ ജയം. സ്കോർ: 4–6, 6–7 (4–7), 2–6. നിലവിലെ ചാമ്പ്യൻ ജാനിക് സിന്നറും കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ അൽകാരസ് നേരിടും.
തുടക്കം മുതൽ മുന്നിട്ടുനിന്ന അൽകാരസ് ആദ്യ സെറ്റ് 48 മിനിറ്റിൽ സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകൾ സ്വന്തമാക്കി രണ്ടാം സെറ്റിൽ മികച്ച തിരിച്ചുവരവാണ് ദ്യോകോവിച് നടത്തിയത്. എന്നാൽ ശക്‌തമായി തിരിച്ചടിച്ച അൽകാരസ്, തുടർന്നുള്ള മൂന്നു ഗെയിമുകൾ സ്വന്തമാക്കി ഒപ്പമെത്തി. തുടർന്ന് 6 – 6 എന്ന നിലയിൽ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറിൽ 4–7 എന്ന നിലയിൽ സെറ്റ് അൽകാരസ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ അൽകാരസിനു മുന്നിൽ പിടിച്ചു നിൽകാനാകാതെ കീഴടങ്ങുന്ന ദ്യോകോവിചിനെയാണ് കണ്ടത്. രണ്ടിനെതിരെ ആറു ഗെയിമുകൾക്ക് സെറ്റ് സ്വന്തമാക്കിയ അൽകാരസ്, ഫൈനലും ഉറപ്പിച്ചു.
കരിയറിലെ 25–ാം ഗ്രാൻഡ്സ്‍ലാം ലക്ഷ്യമിട്ടാണ് 38കാരനായ ദ്യോകോവിച് യു.എസ് ഓപൺ ടൂർണമെന്‍റിന് എത്തിയത്. ഒരു സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡ് ജോക്കോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. പ്രീക്വാർട്ടറിൽ ജർമൻ താരം യാൻ ലിന്നാർഡ് സ്ട്രഫിനെ മറികടന്നാണ് (6-3, 6-3, 6-2) ജോക്കോ യു.എസ് ഓപ്പണിലെ തന്റെ 14–ാം ക്വാർട്ടർ ഫൈനലുറപ്പിച്ചത്. കൂടുതൽ വർഷങ്ങളിൽ സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടറിലെത്തിയതിന്റെ റെക്കോർഡും കഴിഞ്ഞ ദിവസം താരം (9 തവണ) സ്വന്തമാക്കിയിരുന്നു. സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് (8) മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.