ഫെഡ് എക്സ്പ്രസ്: റെക്കോഡുകളുടെ കൂട്ടുകാരൻ; റാക്കറ്റേന്തിയ രാജകുമാരൻ

ലണ്ടൻ: സമാനതകളില്ലാത്ത കളിയഴകുമായി ടെന്നിസ് മൈതാനങ്ങളെ രണ്ടു പതിറ്റാണ്ടിലേറെ കാലം ത്രസിപ്പിച്ചുനിർത്തിയ ഇതിഹാസ താരം റോജർ ഫെഡറർ റാക്കറ്റ് നിലത്തുവെക്കുന്നു. മൂന്നു വർഷമായി വിടാതെ പിന്തുടരുന്ന കാൽമുട്ട് വേദനയിൽ മുടന്തിയാണ് 41കാരന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനം. 2020 ആരംഭം മുതൽ വേദനക്ക് ചികിത്സ തേടുന്ന സ്വിസ് താരം പിന്നീടുളള 11 ഗ്രാൻഡ് സ്ലാമുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോർട്ടിലെത്തിയിരുന്നത്.

കഴിഞ്ഞ വർഷം വിംബിൾഡണിൽ ഹുബർട്ട് ഹർകാഷിനെതിരെ ക്വാർട്ടറിൽ തോറ്റു മടങ്ങിയ ശേഷം പിന്നീട് മത്സരങ്ങൾക്കിറങ്ങിയിട്ടില്ല. അടുത്തയാഴ്ച ലണ്ടനിൽ ആരംഭിക്കുന്ന ലെവർ കപ്പാകും അവസാന വേദിയെന്ന് താരം ട്വിറ്ററിൽ കുറിച്ചു. നദാലിനൊപ്പം അങ്കം കൊഴുപ്പിച്ച് രണ്ടു പതിറ്റാണ്ട് ടെന്നിസ് മൈതാനങ്ങൾ വാണ താരം അതിവേഗം 20 ഗ്രാൻഡ്സ്ലാം നേട്ടങ്ങളുമായി ചരിത്രത്തിലേക്ക് നടന്നുകയറിയെങ്കിലും പരിക്കുവലച്ച മൂന്നു വർഷത്തെ ഇടവേളയിൽ ആദ്യം നദാലും പിന്നീട് നൊവാക് ദ്യോകോവിച്ചും ആ റെക്കോഡ് പിന്നിട്ടു.

എന്നിട്ടും ഏറ്റവും മഹാനായ ടെന്നിസ് താരമെന്ന രാജപദവിയിൽ സ്വിസ് എക്സ്പ്രസിനെ തന്നെ വാഴിക്കാനായിരുന്നു പലർക്കും ഇഷ്ടം. 1998ൽ തന്റെ 16ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിലെത്തിയെങ്കിലും 2003ൽ വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടാണ് ഗ്രാൻഡ്സ്ലാമിൽ വരവറിയിക്കുന്നത്. ഓൾ ഇംഗ്ലണ്ട് ക്ലബിൽമാത്രം എട്ടു തവണ കിരീടം തൊട്ടു. 2018ൽ ആസ്ട്രേലിയൻ ഓപണിലായിരുന്നു അവസാന ഗ്രാൻഡ്സ്ലാം നേട്ടം. 2004ൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ശേഷം തുടർച്ചയായ 310 ആഴ്ചകൾ അതേ സ്ഥാനത്ത് എതിരാളികളില്ലാതെ തുടർന്നു. 2021ൽ ദ്യോകോവിച്ച് മറികടക്കുംവരെ അതും റെക്കോഡായി നിലനിന്നു.

പുൽമൈതാനങ്ങളിൽ ഏറ്റവും കൂടുതൽ വിജയിച്ച താരമെന്ന റെക്കോഡ് ഇപ്പോഴും ഫെഡററിനൊപ്പമാണ്. വിംബിൾഡണിൽ എട്ടു കിരീടം കഴിഞ്ഞാൽ ആസ്ട്രേലിയൻ ഓപണിൽ ആറു തവണയും കിരീടം ചൂടി. 2004-18 കാലഘട്ടത്തിലായിരുന്നു അവ. യു.എസ് ഓപണിൽ 2004 മുതൽ 2008 വരെ തുടർച്ചയായ അഞ്ചു തവണയും ചാമ്പ്യനായി. കളിമൺ കോർട്ടായ ഫ്രഞ്ച് ഓപണിൽ പക്ഷേ, 2009ൽ മാത്രമായിരുന്നു കിരീട നേട്ടം. ടെന്നിസിൽ ഫെഡറർ കളിനിർത്തൽ പ്രഖ്യാപിച്ചതിന് സമാനമായി രണ്ടാഴ്ചമുമ്പ് വനിത താരം സെറീന വില്യംസും വിരമിക്കുന്നതായി അറിയിച്ചിരുന്നു.

''എന്റെ ശരീരം നൽകുന്ന സന്ദേശം വ്യക്തം''

അടുത്തിടെയായി എന്റെ ശരീരം നൽകുന്ന സന്ദേശങ്ങൾ വ്യക്തമാണെന്ന് ഫെഡറർ. ''24 വർഷത്തിനിടെ 1,500ലേറെ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. മത്സരങ്ങളുടെ കരിയർ നിർത്താനായെന്ന് ഇനി ഞാൻ തിരിച്ചറിഞ്ഞേ പറ്റൂ. ടെന്നിസ് എന്ന കളിയെ ഞാൻ സ്നേഹിക്കുന്നു. അവിടം വിട്ട് ഞാൻ പോരില്ല. ഒരിക്കലും മറക്കാനാകാത്ത എണ്ണമറ്റ ഇതിഹാസ പോരാട്ടങ്ങൾ കളിക്കാനായിട്ടുണ്ട്. മാന്യമായിട്ടായിരുന്നു അങ്കങ്ങൾ. ആവേശവും തീവ്രതയും വിടാതെ.

കളിയുടെ ചരിത്രത്തെ ആദരിക്കാൻ എന്നും ഞാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷം പരിക്കും ശസ്ത്രക്രിയകളുമായി വെല്ലുവിളികൾ ഏറെ നേരിട്ടിട്ടുണ്ട്. തിരിച്ചുവരാൻ പരമാവധി ഞാൻ ശ്രമം നടത്തി. അപ്പോഴും എന്റെ ശരീരത്തിന്റെ കഴിവും പരിമിതിയും ഞാൻ മനസ്സിലാക്കണം. അവസാനമായി, അത് നൽകുന്ന സന്ദേശം വ്യക്തമാണ്. എനിക്ക് 41 ആയി പ്രായം. ഞാൻ സ്വപ്നം കാണുന്നതിലേറെ ടെന്നിസ് എനിക്ക് നൽകിയിട്ടുണ്ട്. എല്ലാം തിരിച്ചറിഞ്ഞ് ഇനി കളി നിർത്തുകയാണ്'- താരം പറഞ്ഞു.

Tags:    
News Summary - Roger Federer announces retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.