ഫെഡററും ഞാനും ക്രിക്കറ്റ് കളിച്ചിരുന്നു...; ടെന്നീസ് ഇതിഹാസവുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ബൊപ്പണ്ണ

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബ്ൾസ് കിരീടം നേടി ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. പുരുഷ ഡബിൾസിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.

ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന റെക്കോഡാണ് ബൊപ്പണ്ണ സ്വന്തം പേരിലാക്കിയത്. 43ാം വയസിലാണ് താരത്തിന്‍റെ കിരീട നേട്ടം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി-ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസീസ് താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ബൊപ്പണ്ണ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

2017ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് തുറന്നുപറയുകയാണ് ബൊപ്പണ്ണ. കളത്തിനു പുറത്തുള്ള താരത്തിന്‍റെ പെരുമാറ്റത്തെ ഇന്ത്യൻ താരം ഏറെ പ്രശംസിക്കുന്നുണ്ട്. സഹതാരങ്ങളുമായി നല്ല ബന്ധമാണ് ഫെഡറർ കാത്തുസൂക്ഷിക്കുന്നതെന്നും നേട്ടങ്ങൾ ഓരോന്നായി കീഴടക്കുമ്പോഴും തനിക്കു ചുറ്റിലുമുള്ളവരുമായുള്ള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നെന്നും ബൊപ്പണ്ണ പറയുന്നു. വിംബിൾഡൻ ലോക്കർ റൂമിൽ സന്നാഹത്തിനിടെ ഫെഡററുമായി ക്രിക്കറ്റ് കളിക്കാനുള്ള അവസരമുണ്ടായെന്നും ബൊപ്പണ്ണ ഓർത്തെടുത്തു.

ദിലീപ് കുമാറിന്‍റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബൊപ്പണ്ണ. ‘കോർട്ടിൽ മാത്രമല്ല, കോർട്ടിന് പുറത്തും കായികരംഗത്തെ മാറ്റിമറിച്ച വ്യക്തിയാണ് ഫെഡറർ. എല്ലാ കളിക്കാരുമായും സംസാരിക്കുകയും അവരുമായി ആത്മബന്ധം പുലർത്തുകയും ചെയ്തിരുന്നു. വലിയ ഉയരങ്ങളിലെത്തിയിട്ടും ഇതിനു മാറ്റമുണ്ടായില്ല’ -ബൊപ്പണ്ണ പറഞ്ഞു. വിംബിൾഡൻ ലോക്കർ റൂമിൽ പലതവണ ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. പലപ്പോഴും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ബൊപ്പണ്ണ കൂട്ടിച്ചേർത്തു.

2022 സെപ്റ്റംബറിലാണ് പ്രഫഷനൽ ടെന്നീസ് കരിയർ ഫെഡറർ അവസാനിപ്പിക്കുന്നത്. 20 ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ്. കായികലോകത്തെ വിസ്മയിപ്പിച്ച കരിയറിൽ നൂറിലധികം കിരീടങ്ങളാണ് താരം നേടിയത്. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. നേരത്തെ, ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഗ്രാൻഡ് സ്ലാം കിരീടം നേടിയിരുന്നു. സാനിയ മിര്‍സക്കും ഡബിള്‍സ് കിരീടമുണ്ട്.

Tags:    
News Summary - Roger and Me Used To Play Cricket -Rohan Bopanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.