നാടുകടത്തിയ ആസ്ട്രേലിയക്ക് മനംമാറ്റം; ദ്യോകോയെ കളിക്കാൻ വിളിച്ച് ടെന്നിസ് ആസ്ട്രേലിയ

സിഡ്നി: കായിക ലോകത്തെ മു​ൾമുനയിൽനിർത്തിയ നാടകങ്ങൾക്കൊടുവിൽ വിസ റദ്ദാക്കിയും വിലക്കേർപ്പെടുത്തിയും നാടുകടത്തിയ ടെന്നിസ് ഇതിഹാസം ദ്യോകോയെ തിരിച്ചുവിളിച്ച് ടെന്നിസ് ആസ്ട്രേലിയ. ലോകത്തെ ഏറ്റവും കഠിനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്ന രാജ്യത്ത് വാക്സിൻ എടുക്കാതെ എത്തിയതിനായിരുന്നു കഴിഞ്ഞ വർഷാദ്യത്തിൽ സെർബിയൻ താരത്തെ നിഷ്കരണും മടക്കിയത്. ജയിലിലടച്ചും കോടതി കയറ്റിയും നിര​ന്തരം പരീക്ഷിച്ചതിനൊടുവിലായിരുന്നു കഠിന നടപടി. ഇനി രാജ്യത്തേക്ക് വരാതിരിക്കാൻ വിസ വിലക്കും പ്രഖ്യാപിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന ഘട്ടത്തിൽ ജനുവരിയിലായിരുന്നു ഗ്രാൻഡ്സ്ലാം നടന്നത്. കോവിഡ് വാക്സിൻ എടുക്കാതെ ആരും രാജ്യത്തെത്തരുതെന്നായിരുന്നു നിയമം. ന്യായമായ മെഡിക്കൽ കാരണങ്ങളുള്ളവർക്ക് മാത്രമായിരുന്നു ഇളവ്. വാക്സിൻ എടുക്കാതെ എത്തിയ ദ്യോകോയെ ജനുവരി അഞ്ചിന് അനധികൃത താമസക്കാ​രെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റിയ അധികൃതർ 10 ദിവസം പിടിച്ചുവെച്ചതിനൊടുവിൽ മടക്കി. മൂന്നു വർഷം രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കും ഏർപെടുത്തി. പൊതുജനം കടുത്ത നിയന്ത്രണങ്ങളിൽ വലയുമ്പോൾ വിദേശതാരങ്ങൾക്ക് ഇളവു നൽകുന്നതിലെ വിമർശനം മറികടക്കാൻ സർക്കാർ കാണിച്ച അനാവശ്യ ഇടപെടലായി പലരും ഇതിനെ വ്യാഖ്യാനിച്ചു. ലോകമാദരിക്കുന്ന ഒന്നാം നമ്പർ താരത്തെ അപമാനിച്ചതിനെ വിമർശിച്ച് പലരും രംഗത്തെത്തിയപ്പോൾ നദാൽ ഉൾപ്പെടെ പ്രമുഖർ അനുകൂലിച്ചു.

പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ആൻഡ്രൂ ഗൈൽസ് വിലക്ക് പിൻവലിച്ചു. താരത്തിന് വിസ നൽകുമെന്നും അറിയിച്ചു.

പുതിയ ഇളവുകളുടെ സാഹചര്യത്തിൽ ദ്യോകോവിച്ച് കളിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ടെന്നിസ് ആസ്ട്രേലിയ മേധാവി ക്രെയ്ഗ് ടിലി പറഞ്ഞു.

ആവശ്യമായ മെഡിക്കൽ ഇളവുകൾ ലഭിച്ചെന്ന വിശ്വാസത്തിലാണ് താൻ വിമാനം കയറിയതെന്ന് നേരത്തെ ദ്യോകോ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. അന്നത്തെ കുടിയേറ്റ മന്ത്രി അലക്സ് ഹോക്കിന്റെ കടുത്ത നടപടികളാണ് താരത്തിന് വിലക്കുവീഴ്ത്താനിടയാക്കിയതെന്ന് വിമർശനമുണ്ടായിരുന്നു.

നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ആദ്യ​ത്തെയാണ് ആസ്ട്രേലിയൻ ഓപൺ. ദ്യോകോ കളിക്കാതെ മടങ്ങിയ കഴിഞ്ഞ സീസണിൽ നദാൽ ചാമ്പ്യനായിരുന്നു. 

Tags:    
News Summary - Novak Djokovic visa ban overturned ahead of Australian Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.