മരണത്തിനു മുന്നിലേക്ക് എറിഞ്ഞിട്ട അർബുദത്തെ പടികടത്തി മാർട്ടിന; ‘കളി നിർത്തൽ തന്റെ ഡി.എൻ.എയിലില്ല’

തൊണ്ടയിൽ മാത്രമല്ല സ്തനത്തിലും പിടിമുറുക്കിയ അർബുദത്തിനു മുന്നിൽ തോറ്റ് ജീവിതം പാതിവഴിയിലാക്കി മടങ്ങേണ്ടിവരുമെന്ന് ഒരു വേള ഭയന്നുപോയ നാളുകൾ. ചെയ്തു​തീർക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കിയും തുടങ്ങിവെച്ച ദത്തെടുക്കൽ നടപടി നിർത്തിവെച്ചും മരണത്തിന് ഒരുക്കം നടത്തിയവൾ. പക്ഷേ, ഉറച്ച മനസ്സോടെ വലിയ രോഗത്തോട് പൊരുതി നിന്ന മാർടിന തിരികെയെത്തിയിരിക്കുന്നു. ‘‘ഞാനിന്ന് കാൻസർ മുക്തയാണ്’’- പിയേഴ്സ് മോർഗ​നുമായി നടത്തിയ അഭിമുഖത്തിൽ മാർടിന പറയുന്നു.

അർബുദമെ​ന്ന് കേൾക്കുമ്പോഴേക്ക് തളർന്നുപോകുന്നവർക്കായി തന്റെ തിരിച്ചുവരവിന്റെ കഥ പറയുകയാണ് ടെന്നിസ് ഇതിഹാസമായി ലോകമറിയുന്ന 66 കാരി. രണ്ടാഴ്ച കൂടി സ്തനത്തിന് റേഡിയേഷൻ പൂർത്തിയാക്കിയാൽ ചികിത്സ ഇവിടെ തത്കാലം അവസാനിക്കുമെന്ന് അവർ പറയുന്നു.

നാലു പതിറ്റാണ്ട് നീണ്ട കരിയറിനിടെ ഒറ്റക്കും കൂട്ടായും 59 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരത്തിന് കഴിഞ്ഞ ജനുവരിയിലാണ് കാൻസർ ബാധ വീണ്ടും സ്ഥിരീകരിക്കുന്നത്. 2010ൽ സ്തനത്തിന് അർബുദം വന്നിരുന്നെങ്കിലും രോഗമുക്തിയുമായി തിരിച്ചെത്തിയതായിരുന്നു. കൂടുതൽ ശക്തമായി അതേ രോഗം തിരിച്ചെത്തിയപ്പോൾ ഇനിയേറെ ജീവിക്കാനില്ലെന്ന് തുടക്കത്തിൽ മനസ്സു പറഞ്ഞതായി മാർടിന പറയുന്നു. കഴുത്തിലെ മുഴ കണ്ടാണ് ഡോക്ടറെ കണ്ടത്. കഴിഞ്ഞ നവംബറിൽ ഫോർട് വർത്തിലെ ഡബ്ല്യു.ടി.എ ഫൈനൽസിനിടെയായിരുന്നു സംഭവം. അടുത്ത ക്രിസ്മസ് ആഘോഷിക്കാനുണ്ടാകുമോയെന്ന് ആധി പടർന്ന ദിനങ്ങൾ. ജീവിതത്തിൽ ഇനിയൊരു അവസരം തരപ്പെട്ടാൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കി അവർ. ഒരിക്കലെങ്കിലും ഓടിക്കാൻ ഇഷ്ടമുള്ള വാഹനം അതിലൊന്നായിരുന്നു.

ഇതൊക്കെ ഒരു വശത്ത് നടന്നപ്പോഴും, മുമ്പ് കോർട്ടിൽ ഇടിമുഴക്കം തീർത്ത അതേ ഇച്ഛാശക്തിയോടെ അവർ രോഗത്തെ നേരിട്ടു. ചികിത്സക്കായി ആശുപത്രിയിലെത്തി. ‘‘കളി നിർത്തൽ എന്റെ ഡി.എൻ.എയിൽ ഇല്ലാത്തതാണ്’’- താരം പറയുന്നു. റേഡിയേഷനും കീമോതെറപിയുമായി കഴിഞ്ഞ ആഴ്ചകൾക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.

70കളിലും 80കളിലും വനിത ടെന്നിസ് മൈതാനങ്ങൾ ഭരിച്ച അവർ 2006 ലെ യു.എസ് ഓപണിലാണ് അവസാനമായി ജയം കുറിച്ചത്. ബോബ് ബ്രയാനൊപ്പം മിക്സഡ് ഡബ്ൾസിലായിരുന്നു അന്ന് കിരീടം. 1994ൽ ആദ്യമായി വിരമിക്കൽ പ്രഖ്യാപിച്ച് തിരിച്ചെത്തി ഒരു വ്യാഴവട്ടത്തിനു ശേഷവും കിരീടം ചൂടിയ ചരിത്രമുള്ളവൾ. സിംഗിൾസിൽ ഒമ്പതു തവണ വിംബിൾഡൺ ചാമ്പ്യൻ. മൊത്തം പരിഗണിച്ചാൽ, സിംഗിൾസിൽ 167ഉം ഡബ്ൾസിൽ 177ഉം കിരീടങ്ങൾ. 

Tags:    
News Summary - Martina Navratilova reveals she is ‘cancer-free’ after throat and breast diagnoses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.