പാരിസ്: ലോക ടെന്നിസിലെ ബിഗ് ത്രി എന്നറിയപ്പെട്ട റോജർ ഫെഡറർക്കും റാഫേൽ നദാലിനും പിന്നാലെ നൊവാക് ദ്യോകോവിചും കളത്തിൽനിന്ന് തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോൾ പകരക്കാരിലേക്ക് പേര് ചേർത്ത രണ്ടുപേർ, യാനിക് സിന്നറും കാർലോസ് അൽകാരസും.
അന്താരാഷ്ട്ര റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നവരുടെ ഉഗ്രപോരാട്ടം റൊളാങ് ഗാരോസിലെ ഫിലിപ്പ്-ചാട്രിയർ കളിമൺ കോർട്ടിനെ ത്രസിപ്പിക്കുമെന്ന് ആരാധകർ കണക്കുകൂട്ടിയിരുന്നതാണ്. എന്നാൽ, അഞ്ച് സെറ്റും അഞ്ചര മണിക്കൂറും നീണ്ട പുരുഷ സിംഗ്ൾസ് ഫൈനൽ പോരാട്ടം സമാനതകളില്ലാത്ത ആവേശ നിമിഷങ്ങളാണ് സമ്മാനിച്ചത്.
സ്പാനിഷ് ഇതിഹാസമായ നദാൽ അൽകാരസിന്റെ അതേ പ്രായത്തിൽ, 22 വയസ്സിൽ, കൈപ്പിടിയിലൊതുക്കിയത് അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ്. സമാന നേട്ടത്തിൽ സ്പെയിനിന്റെ യുവതാരം അൽകാരസും എത്തിയിരിക്കുന്നു. ഇറ്റാലിയൻ താരവും ലോക ഒന്നാം നമ്പറുകാരനുമായി സിന്നറിന് മുന്നിൽ ആദ്യ രണ്ട് സെറ്റ് അടിയറവ് വെച്ചശേഷം മൂന്നെണ്ണം സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപൺ കിരീടം നിലനിർത്തിയത്. സ്കോർ: 4-6, 6-7(4), 6-4, 7-6(3), 7-6(10-2).
ഓപൺ കാലഘട്ടത്തിൽ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ അഞ്ച് മണിക്കൂറും 29 മിനിറ്റുമാണ് നീണ്ടത്. 43 വർഷം പഴക്കമുള്ള റെക്കോഡ് ഇതോടെ തകർന്നു. ദ്യോകോവിചുൾപ്പെടെയുള്ളവരെ മടക്കി ഫൈനലിൽ കടന്ന 23 വയസ്സുകാരൻ സിന്നറും അൽകാരസും കിരീടത്തിനായി കൊമ്പുകോർത്തു.
തുടക്കത്തിൽ കളിയുടെ ഗതി സിന്നറിന് അനുകൂലമായിരുന്നു. കപ്പ് അൽകാരസിന് ഇക്കുറി നഷ്ടപ്പെടുമെന്ന ചില പ്രവചനങ്ങൾക്ക് അടിയവരയിട്ട് ആദ്യ സെറ്റുകൾ സിന്നറിനൊപ്പം നിന്നു. 4-6ന് അനായാസമായാണ് ആദ്യ സെറ്റ് പിടിച്ചതെങ്കിൽ രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ ചാമ്പ്യൻ മുട്ടുമടക്കി. എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്നായിരുന്നു അൽകാരസിന്റെ തിരിച്ചുവരവ്. നിർണായകമായ മൂന്നാം സെറ്റ് 6-4ന് പിടിച്ചടക്കി. പിന്നെ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. നാലാം സെറ്റ് ടൈബ്രേക്കറിൽ അൽകാരസ് പിടിച്ചതോടെ ജേതാവിനെ തീരുമാനിക്കാൻ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു. കൈവിട്ടുപോയെന്ന് കരുതിയ നിമിഷങ്ങളിൽ പലപ്പോഴും ഉയിർത്തെഴുന്നേറ്റ സിന്നർ ടൈബ്രൈക്കറിൽതന്നെ കീഴടങ്ങി.
കരിയറിലെ അഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമാണ് അൽകാരസ് ഞായറാഴ്ച രാത്രി സ്വന്തമാക്കിയത്. 2022ൽ യുഎസ് ഓപണും 2023,24 വർഷങ്ങളിൽ വിംബിൾഡണും കഴിഞ്ഞവർഷം ആദ്യമായി ഫ്രഞ്ച് ഓപണും നേടി. സിന്നറിനെതിരെ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് വിജയം വരിക്കുന്നത്. തുടർച്ചയായ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടത്തിനരികിൽ സിന്നറിന് കാലിടറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.