പരിക്ക്​; ഫെഡറർക്ക്​ പിന്നാലെ നദാലും യു.എസ്​ ഓപണിൽ നിന്ന്​ പിൻമാറി

ന്യൂഡൽഹി: ടെന്നിസ്​ ആരാധകരുടെ​ നിരാശ ഇരട്ടിയാക്കി​ ഈ വർഷത്തെ യു.എസ്​ ഓപണിൽ നിന്ന്​ റാഫേൽ നദാലും പിൻമാറി. ഇടത്തേ കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന്​ ഇൗ സീസൺ അവസാനിപ്പിക്കുകയാണെന്ന്​ താരം വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിഹാസ താരമായ റോജർ ഫെഡററും പരിക്കിനെ തുടർന്ന്​ ഇക്കുറി ന്യൂയോർക്കിൽ എത്തില്ലെന്ന്​ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷക്കാലമായി കാൽപാദത്തിനേറ്റ പരിക്ക്​ തന്നെ വലക്കുകയാണ്​. ഈ പ്രശ്​നം പരിഹരിക്കാനായി കുറച്ച്​ സമയം ആവശ്യമാണ്​. അടുത്ത കുറച്ച്​ വർഷങ്ങൾ കുടി റാക്കറ്റേന്താൻ സ്​ഥിതിഗതികൾ കുറച്ചുകൂടി മെച്ചപ്പെടാൻ കാത്തിരിക്കണമെന്ന്​ താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഫ്രഞ്ച്​​ ഓപൺ സെമിഫൈനലിൽ നൊവാക്​ദ്യോകോവിചിനോട്​ തോറ്റ നദാൽ വിംബിൾഡൺ, ഒളിമ്പിക്​സ്​ എന്നിവയിൽ നിന്നും പിൻമാറിയിരുന്നു. യ​ു.എസ്​ ഓപണിന്‍റെ കർട്ടൻറെയ്​സറായ സിൻസിനാറ്റി ഓപണിൽ നിന്ന്​ താരം നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു. ആഗസ്റ്റ്​ 30നായിരുന്നു ടൂർണമെന്‍റ്​ തുടങ്ങാനിരുന്നത്​.

ലോക മൂന്നാം നമ്പർ താരമായ നദാൽ ഇതുവരെ 20 ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​. നാല്​ യു.എസ്​ ഓപണുകളും അതിൽ ഉൾപ്പെടും. നിലവിലെ ജേതാവായ ഡൊമിനിക്​ തീമും പരിക്കിനെ തുടർന്ന്​ ഇക്കുറി യു.എസ്​ ഓപണിനെത്തുന്നില്ല.

Tags:    
News Summary - Foot Injury Rafael Nadal will miss the US Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.