മെൽബൺ: ആസ്ട്രേലിയൻ ഓപണിൽ കിരീടപ്രതീക്ഷയുമായെത്തിയ വമ്പന്മാർ ക്വാർട്ടർ ഫൈനലിൽ മുഖാമുഖം. സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചും സ്പാനിഷ് സൂപ്പർ താരം കാർലോസ് അൽകാരസും അവസാന എട്ടിലെത്തിയതോടെ ഇരുവരും സെമി ഫൈനലിനും കലാശക്കളിക്കും മുമ്പേ നേർക്കുനേർ പോരടിക്കുന്നതിനും വഴിതെളിഞ്ഞു. പുരുഷ സിംഗ്ൾസ് നാലാം റൗണ്ടിൽ ദ്യോകോ 6-3, 6-4, 7-6 (4) സ്കോറിന് ചെക് റിപ്പബ്ലിക്കിന്റെ ജിറി ലെഹക്കെയെ തോൽപിച്ചു.
ബ്രിട്ടീഷ് താരം ജാക് ഡ്രാപ്പറുമായി 7-5, 6-1ന് അൽകാരസ് ലീഡ് ചെയ്യവെ എതിരാളി പരിക്കേറ്റ് പിന്മാറുകയായിരുന്നു. ജർമൻ താരം അലക്സാണ്ടർ സ്വരേവും ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്റെ യൂഗോ ഹംബർട്ടിനെതിരെ 6-1, 2-6, 6-3, 6-2നായിരുന്നു സ്വരേവിന്റെ ജയം. ക്വാർട്ടറിൽ യു.എസിന്റെ ടോമി പോളാണ് എതിരാളി. സ്പെയിനിന്റെ അലജാന്ദ്രോ ഫോകിനയെ 6-1, 6-1, 6-1ന് തോൽപിച്ചാണ് ടോമിയുടെ വരവ്.
വനിതകളിൽ കസാഖിസ്താന്റെ അരീന സബലങ്ക 6-1, 6-2ന് റഷ്യയുടെ മിറ ആൻഡ്രീവയെയും യു.എസിന്റെ കൊകൊ ഗോഫ് 5-7, 6-2, 6-1ന് സ്വിസ് താരം ബെലിൻഡ ബെൻസിചിനെയും റഷ്യയുടെ അനസ്താസിയ പാവ്ലിയുചെങ്കോവ 7-6, 6-0ത്തിന് ക്രൊയേഷ്യയുടെ ഡോണ വെകിചിനെയും സ്പെയിനിന്റെ പാവ് ല ബഡോസ 6-1, 7-6ന് സെർബിയയുടെ ഒൾഗ ഡാനിലോവിചിനെയും പരാജയപ്പെടുത്തി അവസാന എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ചയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
മെൽബൺ: ആസ്ട്രേലിയൻ ഓപൺ മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ചൈനയുടെ ഷാങ് ഷുവായ് കൂട്ടുകെട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ ഇവർക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. യു.എസിന്റെ ടെയ്‍ലർ ടൗൺസെൻഡ്-മൊണാകോയുടെ ഹ്യൂഗോ നൈസ് സഖ്യവുമായാണ് മത്സരിക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.