തൊപ്പി തട്ടിയെടുക്കുന്ന പീറ്റർ സെറക്

‘കുഞ്ഞ്’ ആരാധകന് ടെന്നിസ് താരം നൽകിയ തൊപ്പി ‘തട്ടിപ്പറിച്ച്’ പോളിഷ് കോടീശ്വരൻ; ഇന്‍റർനെറ്റിലെ ‘ഏറ്റവും വെറുക്കപ്പെട്ടവനാ’യി പീറ്റർ സെറക്

യു.എസ് ഓപൺ ടെന്നിസ് ടൂർണമെന്‍റിനിടെ പോളിഷ് ടെന്നിസ് താരം കാമിൽ മൈക്‌ഷാക് തന്‍റെ ആരാധകനായ ഒരു കുട്ടിക്ക് നൽകിയ തൊപ്പി സമീപത്തു നിന്ന മറ്റൊരാൾ കവർന്നെടുക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒമ്പതാം സീഡ് കാരൻ ഖചനോവിനെതിരെ ജയം നേടിയ ശേഷമാണ് മൈക്‌ഷാക് ആരാധകർക്കരികിലെത്തിയത്. ‘കുഞ്ഞ്’ ആരാധകനു നേരെ താരം നീട്ടിയ തൊപ്പി മറ്റൊരാൾ കൈക്കലാക്കുകയായിരുന്നു. കുട്ടി തൊപ്പി തിരിച്ചുതരാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ തയാറാകാതിരുന്നയാൾക്കെതിരെ വ്യാപക വിമർശനമാണുയർന്നത്. സങ്കടപ്പെട്ടു നിൽക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടതോടെ ഇന്‍റർനെറ്റ് ലോകം ഒന്നാകെ ‘പിടിച്ചുപറിക്കാരനെ’ കുറ്റപ്പെടുത്തുകയും ഇതുവഴി ഇന്‍റർനെറ്റിലെ ‘ഏറ്റവും വെറുക്കപ്പെട്ടവനെ’ന്ന വിശേഷണം മാധ്യമങ്ങളും നൽകി.

വിഡിയോ വൈറലായതോടെ കുട്ടിയെ കാണാൻ കാമിൽ മൈക്‌ഷാക് നേരിട്ടെത്തി. ആശ്വാസ വാക്കുകൾക്കൊപ്പം കുഞ്ഞ് ആരാധകന് സമ്മാനങ്ങളും നൽകിയാണ് മൈക്‌ഷാക് തിരികെ പോയത്. തിരക്കിനിടയിൽ മത്സരശേഷം സ്റ്റേഡിയത്തിൽ നടന്നത് താൻ കണ്ടിരുന്നില്ലെന്നും മൈക്‌ഷാക് പറഞ്ഞു. തൊപ്പി തട്ടിയെടുത്തത് പോളിഷ് കോടീശ്വരനായ പീറ്റർ സെറക് ആണെന്ന റിപ്പോർട്ടും പിന്നീടുള്ള ദിവസങ്ങളിൽ പുറത്തുവന്നു. പോളിഷ് കമ്പനിയായ ഡ്രോഗ്ബ്രുകിന്‍റെ സി.ഇ.ഒയാണ് പീറ്റർ സെറക്. തനിക്കെതിരെ വ്യാപക വിമർശനമുയരുന്നത് ശ്രദ്ധയിൽപ്പെട്ട സെറക് വൈകാതെ മാപ്പപേക്ഷയുമായി രംഗത്തെത്തി. താൻ തട്ടിയെടുത്തതല്ലെന്നും തൊപ്പി തനിക്കു നേരെയാണ് നീട്ടിയതെന്ന ധാരണയിൽ സ്വന്തമാക്കുകയായിരുന്നുവെന്നും സെറക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

“ആ കുട്ടിയിൽനിന്നും തൊപ്പി തട്ടിയെടുക്കുകയെന്ന ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല. മനോവിഷമം നേരിട്ട ആ കുഞ്ഞിനോടും കുടുംബത്തോടും ആരാധകരോടും ടെന്നിസ് താരത്തോടും നിരുപാധികം മാപ്പ് പറയുന്നു. ആ മത്സര വിജയത്തിന്‍റെ ലഹരിയിലായിരുന്നു ഞാനപ്പോൾ. എന്‍റെ മക്കൾ അവിടെയുണ്ടായിരുന്നു. അവർക്ക് നൽകാനായി തൊപ്പി തന്നതാണെന്ന് കരുതി. ആവേശത്തിൽ അത് വാങ്ങുകയും ചെയ്തു. എന്നാൽ എന്‍റെ പ്രവൃത്തി ആ കുട്ടിയെയും അത് കണ്ടവരേയും വേദനിപ്പിച്ചു” -സെറക് കുറിച്ചു. കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞെന്നും തൊപ്പി അവർക്ക് അയച്ചുനൽകിയെന്നും പിന്നീട് സെറക് പറഞ്ഞു.

പീറ്റർ സെറക് മാപ്പ് പറഞ്ഞെങ്കിലും മാധ്യമങ്ങൾ അയാളെ വിട്ടിട്ടില്ല. സെറക് പോളണ്ടിലെ ആഡംബര വില്ലയിൽ ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം കഴിയുകയാണെന്നും സ്വന്തമായി തടാകവും ടെന്നിസ് കോർട്ടുമുൾപ്പെടെ ഉണ്ടെന്നും ഡെയിലി മെയിലിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Most hated man on the internet; Polish CEO apologizes for snatching Kamil Majchrzak’s hat away from child at US Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.