കളി മുടങ്ങിയാലും കോവിഡ് വാക്സിനെടുക്കാനില്ല; ദ്യോകോക്ക് മുൻനിര ടൂർണമെന്റുകൾ മുടങ്ങും

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന യു.എസിൽ വാക്സിൻ നിയന്ത്രണങ്ങൾ നീളുന്നത് സൂപർ താരം നൊവാക് ദ്യോകോവിച്ചിന് കുരുക്കാകും. വാക്സിൻ എടുക്കാത്ത വിദേശികൾ ഏപ്രിൽ 10 വരെ യു.എസിൽ പ്രവേശിക്കരുതെന്നാണ് നിലവിലെ നിയമം. അതിനിടക്ക്, ഇന്ത്യൻ വെൽസ്, മിയാമി ഓപൺ എന്നീ രണ്ടു ​സുപ്രധാന ടൂർണമെന്റുകളാണ് നടക്കാനുള്ളത്. രണ്ടും മാർച്ച് മാസത്തിലാണ്.

ആസ്ട്രേലിയ ഉൾപ്പെടെ രാജ്യങ്ങൾ വാക്സിൻ നിയമത്തിൽ ഇളവു വരുത്തിയെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് യു.എസ് ഭരണകൂടം. എന്നാൽ, വാക്സിൻ എടുക്കാനില്ലെന്ന നിലപാടിൽ ദ്യോകോയും ഉറച്ചുനിൽക്കുന്നു.

ആസ്ട്രേലിയ ഇളവു നൽകിയതോടെ ഈ മാസം ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപണിൽ ദ്യോക്കോക്ക് പ​ങ്കെടുക്കാനാകും. എന്നാൽ, യു.എസിൽ നിയമം കടുത്തതായതിനാൽ അവിടെ നടക്കുന്നവയിലൊന്നും താരത്തിന് പ​ങ്കെടുക്കാനാകില്ല. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ കഴിഞ്ഞാൽ ഏറ്റവും വലിയവയിൽ പെട്ടതാണ് ഇന്ത്യൻ വെൽസും മിയാമി ഓപണും.

കളിക്കാനായില്ലെങ്കിൽ പുറത്തിരിക്കുമെന്നല്ലാതെ അതിനായി വാക്സിനെടുക്കില്ലെന്ന നിലപാടിൽ തുടരുകയാണ് ദ്യോകോവിച്ച്.

കഴിഞ്ഞ വർഷം ഇതേ പ്രശ്നത്തിൽ ആസ്ട്രേലിയയിലെത്തിയ ഉടൻ താരത്തെ അറസ്റ്റ് ചെയ്ത് തടവിലിട്ട് നാടുകടത്തിയിരുന്നു. വിസ റദ്ദാക്കി മൂന്നു വർഷ വിലക്കും ഏർപെടുത്തി. എന്നാൽ, രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഇളവുവരുത്തിയ സർക്കാർ വിലക്കു നീക്കുകയും ചെയ്തു. ഇതേ തുടർന്ന് ഈ വർഷത്തെ ഗ്രാൻഡ് സ്ലാമിൽ പ​ങ്കെടുക്കാനായി താരം മെൽബണിലെത്തിയിട്ടുണ്ട്.

വാക്സിൻ നിയമം പാലിക്കാനാകാത്തതിനാൽ കഴിഞ്ഞ വർഷം താരം യു.എസ് ഓപണിൽ കളിച്ചിരുന്നില്ല. 

Tags:    
News Summary - Djokovic set to miss Indian Wells and Miami after US extends Covid rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.