നൊവാക് ജോക്കോവിച്

‘റോളാങ് ഗാരോസിലെ അവസാന മത്സരമാകാം’; വിരമിക്കൽ സൂചന നൽകി ജോക്കോവിച്

പാരിസ്: ഫ്രഞ്ച് ഓപണിൽനിന്ന് പുറത്തായതിനു പിന്നാലെ ടെന്നിസിൽനിന്ന് വിരമിക്കുമെന്ന സൂചന നൽകി സെർബിയൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്. തനിക്കിനിയും ഫ്രഞ്ച് ഓപണിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ 12 മാസങ്ങൾക്കപ്പുറം അതിനു സാധിക്കുമോ എന്ന കാര്യം ഇപ്പോൾ അറിയില്ലെന്നും 38കാരനായ ജോക്കോ മത്സരശേഷം പ്രതികരിച്ചു. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാന്നിക് സിന്നറിനെതിരെയുള്ള മത്സരത്തിൽ തോറ്റതിനു പിന്നാലെ വികാരനിർഭരനായാണ് ജോക്കോവിച് കോർട്ട് വിട്ടത്.

“റോളാങ് ഗാരോസിൽ ഞാൻ കളിച്ച അവസാന മത്സരമാകാം ഇത്. ഇനി ഒരുതവണ ഇവിടെ കളിക്കാനാകുമോ എന്നറിയില്ല. അതുകൊണ്ടാണ് മത്സരം അവസാനിച്ചപ്പോൾ അൽപം വികാരാധീനനായത്. ഇത് വിടവാങ്ങല്‍ മത്സരമായാല്‍പ്പോലും ഇവിടുത്തെ അന്തരീക്ഷവും ആളുകളില്‍നിന്ന് ലഭിച്ച പ്രതികരണവും മികച്ചതായിരുന്നു. ഇനിയും ഇവിടെ കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ 12 മാസത്തിനപ്പുറം ഇവിടെ എത്താനാകുമോ എന്നറിയില്ല” -ജോക്കോവിച് പറഞ്ഞു.

സെമിയിൽ തന്നാലാകുന്ന മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മികച്ച കളിക്കാരന് കൈകൊടുത്ത് കളംവിടുകയാണ് വേണ്ടതെന്നും ജോക്കോവിച് പറഞ്ഞു. മൂന്നേകാൽ മണിക്കൂർ നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ ജയം പിടിച്ചത്. 6-4, 7-5 എന്ന സ്കോറിന് ആദ്യ രണ്ട് സെറ്റുകൾ സ്വന്തമാക്കിയപ്പോൾ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങി. 7-6(3) എന്ന സ്കോറിലാണ് മൂന്നാം സെറ്റ് സിന്നർ പിടിച്ചെടുത്തത്. ഒന്നാം സെമിയിൽ ജേതാവായ ലോക രണ്ടാം നമ്പർ താരമായ സ്പെയിനിന്‍റെ കാർലോസ് അൽകാരസാണ് ഫൈനൽ ബർത്ത് നേരത്തെ ഉറപ്പിച്ചത്.

സമകാലിക ടെന്നിസിൽ റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവർക്കൊപ്പം ‘ബിഗ് ത്രീ’യിൽ സജീവമായി ശേഷിക്കുന്നത് ജോക്കോവിച്ച് മാത്രമാണ്. 14 തവണ ഫ്രഞ്ച് ഓപൺ കിരീടം സ്വന്തമാക്കിയ നദാലിന് യാത്രയയപ്പ് നൽകിക്കൊണ്ടാണ് ഈ വർഷം ടൂർണമെന്‍റ് ആരംഭിച്ചത്. ഫെഡററും നേരത്തെ ടെന്നിൽനിന്ന് വിരമിച്ചിരുന്നു. സെമിയിലെ തോൽവിക്ക് പിന്നാലെ കോർട്ട് വിടുമ്പോൾ മണ്ണിന് ചുംബനം കൈമാറിയാണ് ജോക്കോവിച് നടന്നകന്നത്. ഇതോടെ വിരമിക്കുമെന്ന ചർച്ച സജീവ ചർച്ചയായി.

Tags:    
News Summary - Djokovic likely has played his last French Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.