ഫ്രഞ്ച് ഓപൺ കിരീടവുമായി കാർലോസ് അൽകാരസ്

അഞ്ച് സെറ്റ്, മൂന്ന് ടൈബ്രേക്കറുകൾ; അഞ്ചര മണിക്കൂർ നീണ്ട പോരിനൊടുവിൽ ഫ്രഞ്ച് ഓപൺ കിരീടം സ്വന്തമാക്കി അൽകാരസ്

പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നീസിൽ ആവേശകരമായ ഫൈനലിൽ അന്തിമ വിജയം സ്പാനിഷ് താരം കാർലോസ് അൽകാരസിന്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ചുസെറ്റ് ഫൈനലിൽ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കിയാണ് അൽകാരസ് കിരീടം നിലനിർത്തിയത്. രണ്ടുസെറ്റുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അൽകാരസിന്റെ തിരിച്ചുവരവ്. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് സിന്നർ പിടിച്ചെടുത്തപ്പോൾ, സമാന സാഹചര്യത്തിലെത്തിയ അവസാന രണ്ട് സെറ്റുകൾ സ്വന്തമാക്കിയാണ് അൽകാരസ് കിരീടം സ്വന്തമാക്കിയത്. സ്കോർ: 4-6, 6-7,6-4,7-6,7-6.

ഓപൺ കാലഘട്ടത്തിൽ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു. 43 വർഷം പഴക്കമുള്ള റെക്കോഡാണ് തകർന്നത്. കരിയറിലെ അഞ്ചാം ഗ്രാൻസ്ലാം കിരീടമാണ് അൽകാരസ് സ്വന്തമാക്കിയത്. 2022-ൽ യുഎസ് ഓപ്പണും 2023,24 വർഷങ്ങളിൽ വിംബിൾഡണും കഴിഞ്ഞവർഷം ആദ്യമായി ഫ്രഞ്ച് ഓപണും നേടി. സിന്നറിനെതിരെ തുടർച്ചയായ അഞ്ചാംമത്സരത്തിലാണ് അൽക്കരാസ് വിജയം നേടുന്നത്.

ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തുടരെ 20 വിജയങ്ങളുമായാണ് സിന്നർ ഫൈനലിൽ കടന്നത്. യു.എസ് ഓപണും ഓസ്‌ട്രേലിയൻ ഓപണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനെത്തിയത്. എന്നാൽ അൽകാരസിന്‍റെ പോരാട്ടവീര്യത്തിനു മുന്നിൽ സിന്നറിന് അടിതെറ്റി. നേരത്തെ 25-ാം ഗ്രാൻസ്ലാം സ്വപ്‌നവുമായി എത്തിയ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിചിനെ സെമിയിൽ കീഴടക്കിയാണ് സിന്നർ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. (6-4, 7-6, 7-6).

അതേസമയം 2024ലും അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ വിജയിച്ചത്. ആദ്യ സെറ്റ് അൽകാരസും രണ്ടും മൂന്നു സെറ്റുകൾ ജർമൻ താരം അലക്സാണ്ടർ സ്വരേവും വിജയിച്ചു. പിന്നീടുള്ള രണ്ടു സെറ്റുകളും സ്വന്തമാക്കിയാണ് അൽകാരസ് ഫ്രഞ്ച് ഓപ്പണിലെ ആദ്യ കിരീടം വിജയിച്ചത്. രണ്ടാം ഫ്രഞ്ച് ഓപൺ നേട്ടത്തോടെ, ഇളമുറക്കാരനായ അൽകാരസ് ഇനിയങ്ങോട്ടും ജൈത്രയാത്ര തുടരുമെന്ന സൂചനയാണ് നൽകുന്നത്.

Tags:    
News Summary - Carlos Alcaraz and Jannik Sinner in longest-ever French Open final, beat 43-year-old record by almost 1 hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.