മെൽബൺ: കിരീട പ്രതീക്ഷയുമായെത്തിയ നൊവാക് ദ്യോകോവിച്, യാനിക് സിന്നർ, കാർലോസ് അൽകാരസ്, ഇഗ സ്വിയാറ്റക് തുടങ്ങിയവർ ആസ്ട്രേലിയൻ ഓപൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ ആതിഥേയരെ ഞെട്ടിച്ച് നിക്ക് കിർഗിയോസ് പുറത്തായി. ലോക 86ാം റാങ്കുകാരൻ ബ്രിട്ടന്റെ ജേക്കബ് ഫേൺലിയാണ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ കിർഗിയോസിനെ അട്ടിമറിച്ചത്. സ്കോർ: 7-6(3), 6-3, 7-6(2).
സെർബിയൻ സൂപ്പർ താരം ദ്യോകോവിചിന് യു.എസിന്റെ ഇന്ത്യൻ വംശജൻ നിശേഷ് ബാസവറെഡ്ഡിയായിരുന്നു എതിരാളി. ആദ്യ സെറ്റിൽ ദ്യോകോ മുട്ടുമടക്കിയെങ്കിലും തുടർന്ന് മൂന്നെണ്ണവും ജയിച്ച് മുന്നേറി. സ്കോർ: 4-6, 6-3, 6-4, 6-2. നിലവിലെ ചാമ്പ്യനായ ഇറ്റാലിയൻ താരം സിന്നർ 7-6(2), 7-6(5), 6-1ന് ചിലിയുടെ നിക്കോളാസ് ജാറിയെ മടക്കി.
സ്പാനിഷ് യുവതാരം അൽകാരസ് 6-1, 7-5, 6-1ന് കസാഖ്സ്താന്റെ അലക്സാണ്ടർ ഷെവ്ചെങ്കോയെയും തോൽപിച്ചു. വനിത സിംഗിൾസിൽ പോളണ്ടുകാരി ഇഗ 6-3, 6-4ന് ചെക് റിപ്പബ്ലിക്കിന്റെ കാതറിന സിനിയക്കോവയെയാണ് പരാജയപ്പെടുത്തിയത്. യു.എസിന്റെ കൊകൊ ഗോഫ് 6-3, 6-3ന് സഹതാരം സോഫിയ കെനിനെ തറപറ്റിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.