ആസ്ട്രേലിയൻ ഒാപൺ: ഫെഡറർ-നദാൽ കലാശപ്പോരാട്ടം

മെല്‍ബണ്‍:സഹസ്രാബ്ദത്തിന്‍െറ തുടക്കത്തിലെ ഗ്രാന്‍ഡ്സ്ളാം ഫൈനലിന്‍െറ കഥയല്ലിത്. ഇന്നും നാളെയുമായി മെല്‍ബണ്‍ പാര്‍ക്കിലെ ഗാലറികളെ ആവേശത്തിലാറാടിക്കാന്‍ പോവുന്ന കലാശപ്പോരാട്ടം. പുതുതലമുറയുടെ സൂപ്പര്‍താരങ്ങളെയെല്ലാം പാതിവഴിയിലേ കൈവിട്ട ആസ്ട്രേലിയന്‍ ഓപണിന് പഴമയോടാണ് പ്രിയം. ആന്‍ഡി മറെ, നൊവാക് ദ്യോകോവിച്, ആഞ്ജലിക് കെര്‍ബര്‍ തുടങ്ങി ടോപ് സീഡ് താരങ്ങളെല്ലാം അടിതെറ്റിവീണപ്പോ, വെറ്ററന്‍ താരങ്ങളെ മാറോടണച്ച ആസ്ട്രേലിയന്‍ ഓപണില്‍ ക്ളാസിക് ഗ്രാന്‍ഡ് ഫിനാലെ. കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ളാം ലക്ഷ്യമിടുന്ന റോജര്‍ ഫെഡററും 15ാം കിരീടം സ്വപ്നംകാണുന്ന റാഫേല്‍ നദാലും തമ്മിലാണ് പുരുഷ സിംഗ്ള്‍സ് ഫൈനല്‍. വനിതകളില്‍ നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ടെന്നിസ് ലോകം കണ്ട ‘വീനസ് സിസ്റ്റേഴ്സ്’ പോരിന്‍െറ ആവര്‍ത്തനം.

വെറ്ററന്‍ ക്ളാസിക്
2011ലാണ് ഫെഡററും നദാലും ഒരു ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ മാറ്റുരച്ചത്. അന്ന് ജയം നദാലിനായിരുന്നു. ശേഷം കൂടുതല്‍ കിരീടഭാഗ്യങ്ങള്‍ നദാലിനുതന്നെ. ഫെഡ് എക്സ്പ്രസ് ആ ഏറ്റുമുട്ടലിനുശേഷം ഒരു തവണ മാത്രം ഗ്രാന്‍ഡ്സ്ളാം കിരീടവിജയം നേടിയപ്പോള്‍, നദാല്‍ നാലുതവണകൂടി ഗ്രാന്‍ഡ്സ്ളാം ജേതാവായി. പക്ഷേ, ഇരുവരും പിന്‍നിരയിലെ സൂപ്പര്‍ താരങ്ങളായാണ് ഇക്കുറി ആസ്ട്രേലിയന്‍ ഓപണ്‍ കോര്‍ട്ടിലിറങ്ങിയത്. പരിക്കില്‍നിന്ന് മോചിതരായി മടങ്ങിയത്തെിയവര്‍ ക്വാര്‍ട്ടര്‍വരെയെന്നായിരുന്നു പ്രവചനം. പക്ഷേ, കാറ്റ് അനുകൂലമായ മെല്‍ബണ്‍ പാര്‍ക്കില്‍ കൊടുങ്കാറ്റായി മാറിയാണ് പഴയ പടക്കുതിരകള്‍ കുതറിക്കുതിക്കുന്നത്. ഇരുവരും ഫൈനലിലത്തെുന്നത് അഞ്ച് സെറ്റിന്‍െറ മാരത്തണ്‍ സെമി പോരാട്ടം ജയിച്ച്. നാട്ടുകാരായ സ്റ്റാന്‍ വാവ്റിങ്കയെ മൂന്ന് മണിക്കൂര്‍ പോരില്‍ വീഴ്ത്തിയാണ് ഫെഡറര്‍ കുതിച്ചത്. സ്കോര്‍: 7-5, 6-3, 1-6, 4-6, 6-3. 

വെള്ളിയാഴ്ച നടന്ന രണ്ടാം സെമിക്ക് 4:56 മണിക്കൂറായിരുന്നു ദൈര്‍ഘ്യം. രണ്ട് ടൈബ്രേക്കര്‍ കണ്ട അങ്കത്തില്‍ നദാല്‍, ക്രൊയേഷ്യക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ പരിചയസമ്പത്തിന്‍െറ മികവില്‍ വീഴ്ത്തി. സ്കോര്‍: 6-3, 5-7, 7-5, 6-7, 6-4.എട്ടുതവണ ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ മേധാവിത്വം നദാലിനാണ്. ആറെണ്ണത്തില്‍ സ്പാനിഷ് താരം ജയിച്ചപ്പോള്‍, ഫെഡററിന് രണ്ടു ജയം മാത്രം. മുഖാമുഖത്തിലെ ആകെ എണ്ണത്തിലും മുന്‍തൂക്കം നദാലിന് (23 ജയം). ഫെഡററിന് 11 ജയവും.

Tags:    
News Summary - rafael nadal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.