വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്

മുംബൈ: 28 വർഷം നീണ്ട പ്രൊഫഷണൽ ടെന്നീസ് കരിയറിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്. 2020 തൻെറ വിടവാങ്ങൽ വർഷമായിരിക്കുമെന്ന് ക്രിസ്തുമസ് ആശംസകളറിയിച്ച്‌ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ പേസ് അറിയിച്ചു.

"2020-ല്‍ തിരഞ്ഞെടുത്ത കുറച്ച്‌ മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തൻെറ ടീമിനൊപ്പം യാത്ര ചെയ്യും. തൻെറ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും". തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍, സഹോദരിമാര്‍, മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.

ഏഴ് ഒളിമ്പിക്സിൽ പങ്കെടുത്ത ഏക ടെന്നീസ് കളിക്കാരനാണ് പേസ്. 1996 ലെ അറ്റലാൻറ ഒളിമ്പിക്സിൽ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ താരമാണ് പേസ്. പുരുഷ ഡബിൾസിൽ 1999, 2001, 2009 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണും 2006, 2009, 2013 വർഷങ്ങളിൽ യു.എസ് ഓപ്പണും അദ്ദേഹം നേടിയിട്ടുണ്ട്. 2012 ൽ ആസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം നേടിയ പേസ് 1999ൽ വിംബിൾഡണും നേടി.

മിക്സഡ് ഡബിൾസിൽ 2003, 2010, 2015 വർഷങ്ങളിൽ ആസ്ട്രേലിയൻ ഓപ്പൺ, 2016ൽ ഫ്രഞ്ച് ഓപ്പൺ, 2015ൽ വിംബിൾഡൺ, 2008, 2015 വർഷങ്ങളിൽ യു.എസ് ഓപ്പൺ എന്നിവയും അദ്ദേഹം കരസ്ഥമാക്കി.

43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് ഡബിൾസ് വിജയങ്ങളെന്ന റെക്കോർഡും പേസിൻെറ പേരിലാണ്. എടിപി ഡബിൾസ് റാങ്കിംഗ് പ്രകാരം നിലവിൽ ലോകത്ത് 105ാം സ്ഥാനത്താണ് 46 കാരനായ ഇന്ത്യൻ താരം. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Tags:    
News Summary - Leander Paes Announces 2020 as His Farewell Year to Professional Tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.