ആധികാരികം ഇന്ത്യ

പുണെ: ലിയാണ്ടര്‍ പേസിന്‍െറ ഡബിള്‍സ് തോല്‍വിയുടെ നിരാശയെ റിവേഴ്സ് സിംഗിള്‍സിലെ ഇരട്ട ജയത്തോടെ മറികടന്ന് ഇന്ത്യ ഡേവിസ് കപ്പ് ടെന്നിസ് രണ്ടാം റൗണ്ടില്‍. ഏഷ്യ ഓഷ്യാനിയ ഗ്രൂപ് ഒന്നില്‍ ന്യൂസിലന്‍ഡിനെ 4-1ന് കീഴടക്കിയ ഇന്ത്യ രണ്ടാം റൗണ്ടില്‍ ഉസ്ബകിസ്താനെ നേരിടും. ദക്ഷിണ കൊറിയയെ 3-1ന് തോല്‍പിച്ചാണ് ഉസ്ബകിന്‍െറ വരവ്. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് മത്സരം. 

ഞായറാഴ്ച നടന്ന സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍െറ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. സിംഗിള്‍സ് റാങ്കിങ്ങില്‍ 276ാം സ്ഥാനക്കാരനായ രാംകുമാറായിരുന്നു ഇരു ടീമുകളിലെയും താരങ്ങളില്‍ ടോപ് സീഡ്. ന്യൂസിലന്‍ഡിന്‍െറ ഫിന്‍ ടിയര്‍നിയെ 7-5, 6-1, 6-0 സ്കോറിന് അനായാസം കീഴടക്കിയാണ് 23കാരന്‍ ഇന്ത്യയുടെ ലീഡുയര്‍ത്തിയത്. പിന്നാലെയിറങ്ങിയ യൂകി ഭാംബ്രി, ജോസ് സ്റ്റതാമിനു മുന്നില്‍ വിയര്‍ത്തുകളിച്ചാണ് ജയിച്ചത്. ആദ്യ സെറ്റില്‍തന്നെ പിന്തള്ളപ്പെട്ട യൂകി അവസാനകുതിപ്പില്‍ സെറ്റ് ജയിച്ചു. എന്നാല്‍, രണ്ടാം സെറ്റില്‍ തോറ്റുപോയതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. സ്കോര്‍ 7-5, 3-6, 6-4. 

എന്നാല്‍, രണ്ടാംദിനം ലിയാണ്ടര്‍ പേസ്-വിഷ്ണു വര്‍ധ സഖ്യം ഡബിള്‍സില്‍ തോല്‍വി വഴങ്ങിയത് മത്സരം തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹം തകര്‍ത്തു. മൂന്നുവര്‍ഷമായി ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ ആനന്ദ് അമൃത്രാജിന്‍െറ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഉസ്ബകിസ്താനെതിരായ പോരാട്ടത്തില്‍ മഹേഷ് ഭൂപതിയാവും ക്യാപ്റ്റന്‍. 

സെര്‍ബിയ ക്വാര്‍ട്ടറില്‍
 ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ് റൗണ്ടില്‍ സെര്‍ബിയ ക്വാര്‍ട്ടറില്‍. റഷ്യയെ 4-1ന് തോല്‍പിച്ചാണ് നൊവാക് ദ്യോകോവിച്ചിന്‍െറ ടീം മുന്നേറിയത്. അതേസമയം, നിലവിലെ ജേതാക്കളായ അര്‍ജന്‍റീന, ഇറ്റലിക്കെതിരെ 2-1ന് പിന്നിലായി. 

Tags:    
News Summary - davis cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.