ഫെഡറര്‍, മറെ പ്രീക്വാര്‍ട്ടറില്‍; കെര്‍ബറും വീനസും മുന്നോട്ട് 

മെല്‍ബണ്‍: നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച് നേരത്തേ പുറത്തായതോടെ കിരീടമോഹക്കാരുടെ എണ്ണമേറിയ ആസ്ട്രേലിയന്‍ ഓപണില്‍ വമ്പന്മാരെല്ലാം മുന്നോട്ട്. കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ളാമിനൊരുങ്ങുന്ന റോജര്‍ ഫെഡറര്‍, കന്നിക്കിരീടത്തിനൊരുങ്ങുന്ന ആന്‍ഡി മറെ, ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനൊരുങ്ങുന്ന ആഞ്ജലിക് കെര്‍ബര്‍ എന്നിവരെല്ലാം പ്രീക്വാര്‍ട്ടറില്‍ കടന്നു. 

17ാം സീഡായ ഫെഡറര്‍, 10ാം സീഡുകാരന്‍ ചെക്ക്റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ അനായാസം കീഴടക്കിയാണ് മുന്നേറിയത്. സ്കോര്‍ 6-2, 6-4, 6-4. ദീര്‍ഘകാലമായി ഫെഡ് എക്സ്പ്രസിന്‍െറ എതിരാളിയാവുന്ന ബെര്‍ഡിച്ചിനെ 90 മിനിറ്റ് പോരാട്ടത്തിലാണ് വീഴ്ത്തിയത്. മത്സരശേഷം തന്‍െറ ഫോമില്‍ സന്തോഷം പങ്കിട്ടാണ് ഫെഡറര്‍ കോര്‍ട്ട് വിട്ടത്. ‘‘ആദ്യത്തെ ഏതാനും റൗണ്ടുകള്‍ കളിച്ചപ്പോള്‍തന്നെ മുന്‍നിര റാങ്കുകാരെക്കാള്‍ മികച്ച ഫോമിലാണെന്ന് ബോധ്യപ്പെട്ടു’’ -ഫെഡററുടെ ആത്മവിശ്വാസം. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍െറ അഞ്ചാം നമ്പര്‍ കെ നിഷികോറിയാണ് ഫെഡററുടെ എതിരാളി. സ്ലോവാക്യയുടെ ലൂകാസ് ലാകോയെ 6-4, 6-4, 6-4 സ്കോറിന് തോല്‍പിച്ചാണ് നിഷികോറി മുന്നേറിയത്. 

വിംബ്ള്‍ഡണില്‍ ദ്യോകോവിചിനെ വീഴ്ത്തിയ സാം ക്യൂറിയായിരുന്നു മറെയുടെ എതിരാളി. എന്നാല്‍, 6-4, 6-2, 6-4 സ്കോറിന് അനായാസം കളി ജയിച്ച് മുന്നേറി. ജര്‍മനിയുടെ മിഷ സ്വെരവാണ് അടുത്ത എതിരാളി. സ്റ്റാന്‍ വാവ്റിങ്ക, ആന്ദ്രെ സെപ്പി, ഡാനിയല്‍ ഇവാന്‍സ് എന്നിവരും പുരുഷ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിത സിംഗ്ള്‍സില്‍ കെര്‍ബര്‍ ചെക്കിന്‍െറ ക്രിസ്റ്റിന പ്ളിസ്കോവയെ 6-0, 6-4 സ്കോറിന് വീഴ്ത്തി. ഗബ്രിന്‍ മുഗുരുസ, വീനസ് വില്യംസ്, മോണ ബാര്‍തെല്‍, പവ്ല്യൂഷെങ്കോവ, കുസ്നെറ്റ്സോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. 
 

സാനിയ പ്രീക്വാര്‍ട്ടറില്‍
വനിത ഡബ്ള്‍സില്‍ സാനിയ മിര്‍സ-ബാര്‍ബറ സ്ട്രികോവ സഖ്യം മൂന്നാം റൗണ്ടില്‍ കടന്നു. ആസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍-ചൈനയുടെ ഷുവയ് ഷാങ് സഖ്യത്തെ 6-1, 6-4ന് തോല്‍പിച്ചാണ് കടന്നത്. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഉറുഗ്വായ്യുടെ പാപ്ളോ ക്യുവസ് സഖ്യം പുറത്തായി. ആസ്ട്രേലിയന്‍ കൂട്ടായ അലക്സ് ബോള്‍ട്ട്-ബ്രാഡ്ലി മോസ്ലി സഖ്യമാണ് ഇവരെ വീഴ്ത്തിയത്. 
 
Tags:    
News Summary - australian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.