നദാലിനെ വീഴ്ത്തി; ഫെഡറർക്ക് ചരിത്രനേട്ടം

റോജര്‍ ഫെഡററുടെ വീഴ്ചയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍െറ റോളില്‍ രണ്ടുവരിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാലു വര്‍ഷം മുമ്പ് റാഫേല്‍ നദാല്‍ ഇങ്ങനെയെഴുതി.  ‘‘ഞാനൊരു മാധ്യമപ്രവര്‍ത്തകനല്ല. മാധ്യമങ്ങള്‍, റോജര്‍ ഫെഡററെ പലതവണ വധിച്ചു. പക്ഷേ, അപ്പോഴെല്ലാം അദ്ദേഹം തിരിച്ചത്തെി നിങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. ഫെഡററുടെ കാലംകഴിഞ്ഞെന്ന് എനിക്കെഴുതാനാവില്ല. നിങ്ങളുടെ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല.’’

കാലം മുമ്പേ പ്രവചിക്കുകയായിരുന്നു റാഫേല്‍ നദാല്‍. ഓരോ ആണ്ട് കഴിയുമ്പോഴും ‘മുന്തിരിച്ചാറ്’ പോലെ ഫെഡ് എക്സ്പ്രസിന് വീര്യമേറുന്നേയുള്ളൂവെന്ന് നദാലിനെക്കാള്‍ നന്നായി അറിയുന്നവര്‍ മറ്റാരുണ്ട്. കൂട്ടുകാരന്‍െറ വാക്കുകളെ പൊന്നാക്കിമാറ്റി റോജര്‍ ഫെഡറര്‍ നാലു വര്‍ഷത്തിനുശേഷം വീണ്ടും ഗ്രാന്‍ഡ്സ്ളാം കിരീടത്തിന്‍െറ മധുരം നുകര്‍ന്നപ്പോള്‍ നെറ്റിനപ്പുറം എതിരാളിയായ അതേ നദാല്‍ -കാലം കാത്തുവെച്ച മറ്റൊരു യാദൃച്ഛികത. മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലാവര്‍ അറീനയെ കോരിത്തരിപ്പിച്ച മൂന്നര മണിക്കൂര്‍ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡറര്‍ തന്നെ ആസ്ട്രേലിയന്‍ ഓപണിന്‍െറ ജേതാവായി. 35കാരനായ സ്വിസ് ഇതിഹാസത്തിന്‍െറ കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ളാം. ആസ്ട്രേലിയയിലെ അഞ്ചാം കിരീടവും. സ്കോര്‍: 6-4, 3-6, 6-1, 3-6, 6-3 .

പുതുകാലത്തെ ശക്തരായ എതിരാളികള്‍ മുഖാമുഖമത്തെിയപ്പോള്‍ പൂര്‍വകാല കണക്കുകളെല്ലാം നദാലിന് അനുകൂലമായിരുന്നു. പക്ഷേ, ഈ ദിവസം തന്‍േറതെന്നപോലെയായിരുന്നു ഫെഡററുടെ കളി. 2012 വിംബ്ള്‍ഡണിനുശേഷം മൂന്ന് ഫൈനലുകളില്‍ തോറ്റ ഫെഡ് എക്സ്പ്രസ് ആദ്യ സെറ്റിലെ ജയത്തോടെ ഗാലറിയില്‍ നിറഞ്ഞ ആരാധകരുടെ സ്വപ്നങ്ങളിലേക്ക് എയ്സ് പായിച്ചു. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച നദാല്‍ പോരാട്ടം മുറുകുമെന്ന സൂചന നല്‍കി. മൂന്നാം സെറ്റില്‍ രണ്ട് ബ്രേക്ക് പോയന്‍റുമായി നദാലിനെ പിടിച്ചുകെട്ടിയ ഫെഡറര്‍ ഒരു പോയന്‍റ് മാത്രം വിട്ടുനല്‍കി മുന്‍തൂക്കം നേടി. ആവേശകരമായിരുന്നു നാലാം സെറ്റ്. ഫെഡ് എക്സ്പ്രസിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ നദാല്‍ കുതിച്ചു. എയ്സും ബ്രേക് പോയന്‍റുകളും കരുത്തുറ്റ ബാക്ഹാന്‍ഡുമായി നദാല്‍ കളി കൈയിലെടുത്തപ്പോള്‍ സ്വിസ് താരത്തില്‍നിന്ന് കിരീടം വഴുതിപ്പോവുമോയെന്ന് തോന്നി. ഇരുവരും 2-2ന് ഒപ്പമത്തെിയതോടെ ചാമ്പ്യന്‍ഷിപ് നിര്‍ണയം അഞ്ചാം സെറ്റിലേക്ക്. ആദ്യ രണ്ടു പോയന്‍റും എളുപ്പത്തില്‍ പിടിച്ച് നദാല്‍ മുന്നേറിയതോടെ ഗാലറി നിറഞ്ഞ ഫെഡറര്‍ ആരാധകര്‍ കൂപ്പുകൈകളോടെ പ്രാര്‍ഥനയിലായി. ഭാര്യ മിര്‍കയും കുടുംബാംഗങ്ങളുമെല്ലാമുണ്ടായിരുന്നു. മൂന്നാം ഗെയിമില്‍ സ്വന്തം സര്‍വിലൂടെ ഫെഡറര്‍ ആദ്യ പോയന്‍റ് നേടി. അടുത്ത പോയന്‍റ് നദാലിന് (1-3). ചാമ്പ്യന്‍ഷിപ് കൈവിടുമെന്ന ഭീതിക്കിടെ, ചങ്കിടിപ്പിന്‍െറ നിമിഷങ്ങള്‍. 
 


ആരാധക മനസ്സില്‍ അദ്ഭുതങ്ങള്‍ക്കായുള്ള കാത്തിരിപ്പ്. പതിനായിരം മീറ്റര്‍ ഓട്ടത്തിന്‍െറ ഒടുക്കത്തില്‍ സ്പ്രിന്‍റ് ഫിനിഷിങ്ങിനുള്ള ഒരുക്കത്തിലായിരുന്നു ഫെഡറര്‍. എല്ലാ മുന്‍വിധികളും കാറ്റില്‍പറത്തി നീലക്കോര്‍ട്ടില്‍ ഫെഡ് എക്സ്പ്രസ് പറന്നുകളിച്ചു. സ്വന്തം സര്‍വില്‍ അനായാസം പോയന്‍റാക്കി (2-3) തിരിച്ചത്തെിയ ഫെഡറര്‍, അടുത്ത ഗെയിമില്‍ സര്‍വ് ബ്രേക് ചെയ്തും പോയന്‍റ് നേടി (3-3) ഒപ്പത്തിനൊപ്പം. പ്രതീക്ഷകള്‍ വീണ്ടും തളിര്‍ക്കുകയായിരുന്നു. രണ്ട് തകര്‍പ്പന്‍ എയ്സുകള്‍ കണ്ട ഏഴാം ഗെയിമില്‍ നിമിഷവേഗത്തില്‍ പോയന്‍റ് നേടി (4-3). സര്‍വ് ബ്രേക് ചെയ്ത് വീണ്ടും പോയന്‍റുകള്‍ വാരിക്കൂട്ടിയപ്പോള്‍ നദാലിന് പിഴവുകള്‍ തന്നെയായി. ഏകപക്ഷീയമായി ഫെഡറര്‍ (5-3) കിരീടത്തിനരികെ. ചാമ്പ്യന്‍ഷിപ് ഗെയിമില്‍ സര്‍വ് ഫെഡറര്‍ക്ക്. 
പക്ഷേ, കടുപ്പമായിരുന്നു പോരാട്ടം. നദാലും തിരിച്ചടിച്ചതോടെ അഡ്വാന്‍സ് മാറിമറിഞ്ഞു. ഒടുവില്‍ പായിച്ച ഫോര്‍ഹാന്‍ഡ് വിഡിയോ റിവ്യൂവിലൂടെ വീണ്ടും പരിശോധിച്ച് പോയന്‍റുറപ്പിച്ചതോടെ (6-3) കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ളാമിന്‍െറ പിറവിയായി. ടെന്നിസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാമണിഞ്ഞ പദവിയില്‍ ഫെഡററര്‍ ബഹുദൂരം മുന്നില്‍. രണ്ടാമതായി പീറ്റ് സാംപ്രാസും റാഫേല്‍ നദാലും (14).


നദാല്‍, നിങ്ങള്‍ തോല്‍ക്കുന്നില്ല 
‘‘എനിക്ക് വാക്കുകളില്ല. റഫയുടെ അവിശ്വസനീയ തിരിച്ചുവരവിന് അഭിനന്ദനങ്ങള്‍. ഫൈനലില്‍ എത്തുമെന്ന് ഞങ്ങള്‍ ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല. ഫൈനലില്‍ തോറ്റാലും എനിക്ക് സന്തോഷമേയുള്ളൂ. ടെന്നിസ് കടുപ്പമേറിയ സ്പോര്‍ട്സാണ്. ഇവിടെ സമനിലയില്ല. ഒരാള്‍ ജയിക്കും. നദാല്‍, ഈ നേട്ടം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങള്‍ ഇനിയും കളിക്കണം. ടെന്നിസിന് നിങ്ങളെ വേണം’’ -കിരീടമേറ്റുവാങ്ങിയ റോജര്‍ ഫെഡറര്‍ എതിരാളിയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. 
വിംബ്ള്‍ഡണ്‍ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ഫെഡറര്‍ ആറു മാസത്തെ ഇടവേളക്കു ശേഷമാണ് കോര്‍ട്ടിലിറങ്ങിയത്. ആസ്ട്രേലിയന്‍ ഓപണിന് തൊട്ടുമുമ്പായി നടന്ന ബ്രിസ്ബേന്‍ ചാമ്പ്യന്‍ഷിപ്പില്‍ പക്ഷേ, കാര്യമായി മുന്നേറാന്‍ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് മെല്‍ബണില്‍ കിരീടമണിയുന്നത്. 

 


ഫെഡറര്‍ പിന്നിട്ട  നാഴികക്കല്ലുകള്‍

  • ആസ്ട്രേലിയക്കാരനായ കെന്‍ റോസ്വാളിനു ശേഷം ഏറ്റവും പ്രായമേറിയ ഗ്രാന്‍ഡ്സ്ളാം ജേതാവായി ഫെഡറര്‍(റോസ്വാള്‍ 35, 36, 37 വയസ്സുകളിലായി മൂന്ന് ഗ്രാന്‍ഡ്സ്ളാം നേടി)
  • മൂന്നു ഗ്രാന്‍ഡ്സ്ളാമുകള്‍ അഞ്ചിലേറെ തവണ നേടുന്ന ആദ്യ താരം (ആസ്ട്രേലിയന്‍,യു.എസ്, വിംബ്ള്‍ഡണ്‍)
  • 17ാം റാങ്കുകാരനായി മെല്‍ബണിലത്തെിയ ഫെഡറര്‍ മടങ്ങുന്നത് പത്താം റാങ്കിന്‍െറ തിളക്കത്തില്‍. നദാല്‍ ഒമ്പതില്‍നിന്ന് ആറിലുമത്തെി.

 

 

Tags:    
News Summary - Australian Open Men's Singles Final: Nadal Goes Break Up In Decider Vs Federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.