ഡേവിസ്​ കപ്പ്​: തോറ്റെങ്കിലും താരമായി രാമനാഥന്‍

ന്യൂഡല്‍ഹി: ലോക റാങ്കിങ്ങില്‍ 26ന്‍െറ മുന്നില്‍ 206 എവിടെ കിടക്കുന്നു...? പക്ഷേ, തലസ്ഥാന നഗരിയിലെ ആര്‍.കെ. ഖന്ന സ്റ്റേഡിയം കണ്ടത് രണ്ടും തമ്മില്‍ അത്ര വലിയ ദൂരമൊന്നുമില്ല എന്നാണ്. ഡേവിസ് കപ്പ് ടെന്നിസില്‍ സ്പെയിനിനെതിരെ തോറ്റെങ്കിലും ഇന്ത്യയുടെ യുവതാരം രാംകുമാര്‍ രാമനാഥന്‍ കാഴ്ചവെച്ചത് 26ാം നമ്പര്‍ ഫെലിസിയാനോ ലോപസിനെ ഞെട്ടിക്കുന്ന പ്രകടനം. മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ പിന്മാറിയപ്പോഴാണ് ഫെലിസിയാനോ രാമനാഥന്‍െറ എതിരാളിയായത്. 3-1നാണ് പരാജയം സമ്മതിച്ചതെങ്കിലും കണക്കിനും അപ്പുറത്തായിരുന്നു കളി. അഞ്ചാം റാങ്കുകാരനെ കാത്തിരിക്കുമ്പോള്‍ 26ാം റാങ്കുകാരനെ കിട്ടിയ ആവേശമായിരിക്കണം രാമനാഥന്‍ തോല്‍വിയിലും നിറഞ്ഞു കളിച്ചു. ആക്രമിച്ചു കളിച്ച രാമനാഥനെതിരെ ഇടങ്കൈയുടെ മുന്‍തൂക്കവും അനുഭവസമ്പത്തും ഫെലിസിയാനോക്ക് കരുത്തായി. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന രാമനാഥന് വിനയായത് ഫെലിസിയാനോയുടെ സര്‍വുകള്‍ നേരിടുന്നതിലുണ്ടായ പിഴവുകളാണ്.

അതേസമയം, തന്‍െറ സര്‍വുകളില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്താനും രാമനാഥനായി. പലപ്പോഴും രാമനാഥന്‍െറ എയ്സുകള്‍ക്കു മുന്നില്‍ ഫെലിസിയാനോ നിഷ്പ്രഭനാകുന്നതാണ് കണ്ടത്. ആദ്യ സെറ്റ് 4 -6ന് കീഴടങ്ങിയ രാമനാഥന്‍ രണ്ടാം സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ സെറ്റിന്‍െറ ആവര്‍ത്തനമായി രണ്ടാം സെറ്റും. 4 -6ന് തന്നെ കീഴടങ്ങിയ രാമനാഥന്‍ മൂന്നാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചടിച്ചു. തുടരെ തൊടുത്തുവിട്ട എയ്സുകളും നെറ്റിലേക്ക് ആക്രമിച്ചു കയറുന്ന വീര്യവുമായി 6-3ന് സെറ്റ് സ്വന്തമാക്കി. പക്ഷേ, നാലാം സെറ്റില്‍ തളര്‍ന്നുപോയ രാമനാഥനില്‍നിന്ന് അനായാസം 1-6ന് സെറ്റ് പിടിച്ചെടുത്ത് ഫെലിസിയാനോ സ്പെയിനിന് 1-0ന്‍െറ  ലീഡും നല്‍കി. രണ്ടാം മത്സരത്തില്‍ 13ാം റാങ്കുകാരനായ ഡേവിഡ് ഫെറര്‍ 137ാം റാങ്കുകാരനായ സാകേത് മെയ്നേനിക്കെതിരെ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റിലും ഫെററിന്‍െറ മുന്നേറ്റമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.