യു.എസ് ഓപ്പൺ : സെമിയിൽ സെറീന പുറത്ത്

ന്യൂയോര്‍ക്: റെക്കോഡുകളില്‍നിന്ന് റെക്കോഡുകളിലേക്കുള്ള കുതിപ്പിനിടെ യു.എസ് ഓപണ്‍ വനിതാ സിംഗ്ള്‍സ് ഫൈനല്‍ കാണാതെ സെറീന വില്യംസ് പുറത്ത്. 23ാം ഗ്രാന്‍ഡ്സ്ളാം കിരീടവും തുടര്‍ച്ചയായി 187 ആഴ്ച ലോക ഒന്നാം നമ്പര്‍ പദവിയുമെന്ന പുതു ചരിത്രത്തിനുടമയാവാന്‍ സ്വപ്നങ്ങളുടെ കോട്ടകെട്ടിയിറങ്ങിയ സെറീനക്ക് അടിതെറ്റിയത് ചെക്റിപ്പബ്ളിക്കിന്‍െറ പത്താം സീഡുകാരി കരോലിന പ്ളിസ്കോവക്കു മുന്നില്‍. 22 ഗ്രാന്‍ഡ്സ്ളാമിനുടമയായ അമേരിക്കന്‍ ഇതിഹാസത്തെ നേരിട്ടുള്ള രണ്ട് സെറ്റുകളില്‍ നിരായുധയാക്കി പ്ളിസ്കോവ ചുരുട്ടിക്കെട്ടിയപ്പോള്‍ വീണുടഞ്ഞത് കൈയത്തെുമകലെ കാത്തിരുന്ന ഒരുപിടി ചരിത്രനേട്ടങ്ങള്‍. സ്കോര്‍ 6-2, 7-6.

ഞായറാഴ്ച രാത്രിയിലെ കലാശപ്പോരാട്ടത്തില്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറാണ് പ്ളിസ്കോവയുടെ എതിരാളി. രണ്ടാം സെമിയില്‍ കരോലിന്‍ വോസ്നിയാക്കിയെ കീഴടക്കിയാണ് (6-4, 6-3) കെര്‍ബര്‍ ഫൈനലില്‍ കടന്നത്. സെമിയില്‍ പുറത്തായതോടെ ഒന്നാം നമ്പര്‍ പദവിയും സെറീനക്ക് നഷ്ടമാവും. രണ്ടാം നമ്പറുകാരി കെര്‍ബറാവും പുതിയ അവകാശി. ക്വാര്‍ട്ടറില്‍ ഒരു സെറ്റ് നഷ്ടപ്പെടുത്തി സെമിയിലത്തെിയതിന്‍െറ ആലസ്യത്തോടെയായിരുന്നു സെറീന സെമി പോരാട്ടത്തിനിറങ്ങിയത്. ഹാലെപിന് മുന്നില്‍ കഷ്ടപ്പെട്ട് കടന്നുകൂടിയതിന്‍െറ ടെന്‍ഷനില്‍ വലിഞ്ഞുമുറുകിയിരുന്നു അമേരിക്കന്‍ താരം.

അതേസമയം, നാലാം റൗണ്ടില്‍ വീനസ് വില്യംസിനെ ടൈബ്രേക്കറില്‍ കടപുഴക്കിയ ചെക് താരം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ഭാവത്തിലും. 2012 മുതല്‍ ഗ്രാന്‍ഡ്സ്ളാം കോര്‍ട്ടിലെ നിത്യസാന്നിധ്യമാണെങ്കിലും മൂന്നാം റൗണ്ടിനപ്പുറം പ്ളിസ്കോവക്ക് ഇടമില്ലായിരുന്നു. കരിയറിലെ മികച്ച റാങ്കില്‍ ഇക്കുറി സീസണ്‍ തുടങ്ങിയ ചെക്കുകാരി സെമിയില്‍ തുടക്കം മുതലേ ലീഡുപിടിച്ച് തുടങ്ങി. കൂറ്റന്‍ സര്‍വുകള്‍കൊണ്ട് മേല്‍വിലാസംകുറിച്ച സെറീനയെ അതേ ആയുധത്തിലായിരുന്നു പ്ളിസ്കോവയും പിടിച്ചുകെട്ടാന്‍ ശ്രമിച്ചത്. പക്ഷേ, ആദ്യ ഗെയിംസ് സെറീനക്കായിരുന്നു. എന്നാല്‍, അധികം വൈകുംമുമ്പേ ചെക് താരം തിരിച്ചത്തെി. പിന്നെ പിറന്നത് തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍. എയ്സുകളിലൂടെ എതിരാളികളെ പരിഭ്രമിപ്പിച്ച അമേരിക്കന്‍ താരത്തിന് അതേനാണയത്തില്‍ തന്നെ മറുപടി. ഫോര്‍ഹാന്‍ഡുകളിലും പ്ളിസ്കോവ ഉയരക്കൂടുതല്‍ നന്നായി ഉപയോഗിച്ച് മേധാവിത്വം നേടി. 3-2 എന്ന നിലയില്‍ ഒന്നാം നമ്പറുകാരി തിരിച്ചുവരവിനൊരുങ്ങിയെങ്കിലും പിന്നീടൊരവസരം നല്‍കാതെ പ്ളിസ്കോവ മൂന്ന് ഗെയിമും നേടി ആദ്യ സെറ്റ് (6-2)ന് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറ്റം. ഒരു ഘട്ടത്തില്‍ 4-3ന് സെറീന ലീഡുനേടി കളി കൈയിലെടുക്കുമെന്ന് തോന്നിച്ചു. പക്ഷേ, ഈ ദിനം പ്ളിസ്കോവയുടേതായിരുന്നു. സെറ്റിലെ ആറാം ഡബ്ള്‍ ഫാള്‍ട്ട് വരുത്തിയ സെറീനക്ക് നിലതെറ്റി. ഒടുവില്‍ ടൈബ്രേക്കറില്‍ ചേച്ചിയെ വീഴ്ത്തിയ പ്ളിസ്കോവ അതേ ആയുധമുപയോഗിച്ച് സെറീനയെയും അടിച്ചിട്ടു. അവിശ്വസനീയമെന്നായിരുന്നു പ്ളിസ്കോവ മത്സരത്തെ വിശേഷിപ്പിച്ചത്. ‘ആരെയും തോല്‍പിക്കാനാവുമെന്ന വിശ്വാസമുണ്ടായിരുന്നു. സെറീനയെ തോല്‍പിച്ചാല്‍ ഫൈനലില്‍ കളിക്കാമെന്നത് ആത്മവിശ്വാസം ഇരട്ടിച്ചു. അവരെ കീഴടക്കുക മാത്രമായി ലക്ഷ്യം. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എതിരാളി ആരാവുമെന്ന് പോലും ആലോചിച്ചിട്ടില്ല. മത്സരം ആസ്വദിച്ചു കളിച്ചു. സെര്‍വായിരുന്നു ആയുധം’ -മത്സരശേഷം പ്ളിസ്കോവ പറഞ്ഞു.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.