മറെയെ കീറി നിഷികോറി

ന്യൂയോര്‍ക്ക്: അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരിനൊടുവില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയെ അട്ടിമറിച്ച് ജപ്പാന്‍െറ കെയ് നിഷികോറി യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് സെമിഫൈനലില്‍. നാലു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ 1-6, 6-4, 4-6, 6-1, 7-5 എന്ന സ്കോറിനായിരുന്നു നിഷികോറിയുടെ ജയം. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാസ് വാവ്റിങ്കയാണ് സെമിയില്‍ നിഷികോറിയുടെ എതിരാളി. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെയാണ് വാവ്റിങ്ക ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്കോര്‍: 7-6, 4-6, 6-3, 6-2. രണ്ടാം സെമിയില്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് ഫ്രാന്‍സിന്‍െറ ഗെയല്‍ മോണ്‍ഫില്‍സിനെ നേരിടും.
രണ്ടാം സീഡായ ആന്‍ഡി മറെക്കെതിരെ 1-2ന് പിന്നിലായ ശേഷമാണ് ആറാം സീഡായ നിഷികോറി വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. മൂന്ന് മണിക്കൂറും 57 മിനിറ്റും നീണ്ട അങ്കത്തില്‍ നിഷികോറിയുടെ തുടക്കം ദുര്‍ബലമായിരുന്നു.
ആദ്യസെറ്റില്‍ തകര്‍പ്പന്‍ റിട്ടേണുകളും സര്‍വുകളുമായി മറെ നിറഞ്ഞാടി. റിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡലിലേക്കുള്ള വഴിയില്‍ സെമിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ നിഷികോറി രണ്ടാം സെറ്റില്‍ തിരിച്ചുവന്നു. മൂന്നാം സെറ്റ് മറെ സ്വന്തമാക്കി. എന്നാല്‍, നാലും അഞ്ചും സെറ്റുകളില്‍ മറെ ആയുധംവെച്ച് കീഴടങ്ങി. ഏകാഗ്രത നഷ്ടമായ മറെ റഫറിയുമായി തര്‍ക്കിക്കാനും സമയം കണ്ടത്തെി.
23ാം ഗ്രാന്‍ഡ്സ്ളാം കിരീടത്തിലേക്ക് കുതിക്കുന്ന അമേരിക്കയുടെ സെറീന വില്യംസ് വനിതാ സിംഗ്ള്‍സില്‍ സെമിയിലത്തെി. റുമാനിയയുടെ സിമോണ ഹാലപ്പിനെ തോല്‍പിച്ചാണ് സെറീന അവസാന നാലിലത്തെിയത്. സ്കോര്‍: 6-2, 4-6, 6-3. ലോക ഒന്നാം നമ്പര്‍ താരമായ സെറീനക്ക് ചെക്ക് റിപ്പബ്ളിക്കിന്‍െറ കരോലിന പില്‍സ്കോവയാണ് സെമിയിലെ എതിരാളി.
ക്രൊയേഷ്യയുടെ അന കൊന്‍യൂഹിനെയാണ് പില്‍സ്കോവ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത് (6-2, 6-2).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.