ആസ്ട്രേലിയന്‍ ഓപണ്‍: മറെ-ദ്യോകോവിച് ഫൈനല്‍

മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം കലാശപ്പോരാട്ടത്തില്‍ മെല്‍ബണ്‍ പാര്‍ക്കിനെ ചൂടുപിടിപ്പിച്ച എതിരാളികള്‍ ഇത്തവണയും ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗ്ള്‍സ് കിരീടപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കും. ഇരുവട്ടം പിറകിലായിട്ടും വിട്ടുകൊടുക്കാതെ പൊരുതിയ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മറെ സെമിയില്‍ വിജയക്കുതിപ്പുമായി ഫൈനല്‍ ടിക്കറ്റെടുത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് സമാനമായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ ആന്‍ഡി മറെ നേരിടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കനേഡിയന്‍ താരം മിലോസ് റോണിക് ഉയര്‍ത്തിയ കനത്ത വെല്ലുവിളി 4-6, 7-5, 6-7(4), 6-4, 6-2 സ്കോറിനാണ് ബ്രിട്ടീഷ് താരം മറികടന്നത്. നാലു മണിക്കൂര്‍ മൂന്നു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ കാലിലെ പരിക്കിനെ വകവെക്കാതെ പൊരുതിയ റോണിക് മറെയെ നന്നായി വിറപ്പിച്ചതിനുശേഷമാണ് കീഴടങ്ങിയത്.
മറെയുടെ അഞ്ചാം ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലാണിത്. ദ്യോകോവിച്ചിനെതിരെ നാലാമത്തേതും. മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും സെര്‍ബിയന്‍ താരത്തിന് മുന്നില്‍ കിരീടം കൈവിടേണ്ടിവന്ന ദുര്യോഗത്തിന് ഇത്തവണ മാറ്റം കൊതിച്ചാണ് മറെ പോരിനിറങ്ങുന്നത്.
ശനിയാഴ്ച നടക്കുന്ന വനിതാ സിംഗ്ള്‍സ് ഫൈനലില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്, ജര്‍മനിയുടെ ഏഴാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറിനെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.