മെല്‍ബണ്‍: ഇന്ന് റോഡ് ലേവര്‍ അറീനയില്‍ പുരുഷ സിംഗ്ള്‍സ് സെമിഫൈനല്‍ അവസാനിക്കുമ്പോള്‍ ടെന്നിസ് ആരാധകര്‍ കരയണോ കൈയടിക്കണോ എന്ന ആശയക്കുഴപ്പത്തിലാകും. കാരണം, രണ്ടുപേരും ആരാധകര്‍ക്ക് തുല്യമാണ്. ഇതിഹാസതാരങ്ങളായ സ്വിസ് താരം റോജര്‍ ഫെഡററും സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചുമാണ് സെമിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.  ഇതുവരെ 44 തവണ ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ 22 വീതം ജയങ്ങള്‍ ഇരുവര്‍ക്കുമൊപ്പം നിന്നു.

സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ദ്യോകോവിച്ചിനുതന്നെയാണ് മുന്‍തൂക്കം. ഗ്രാന്‍ഡ്സ്ളാമില്‍ അവസാനം മൂന്നു തവണയും ഏറ്റുമുട്ടിയപ്പോള്‍ ദ്യോകോവിച്ചിനൊപ്പമായിരുന്നു വിജയം. 17 ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയ ഫെഡറര്‍ തന്‍െറ കാലം കഴിഞ്ഞിട്ടില്ളെന്നത് ആരാധകരെ ബോധ്യപ്പെടുത്താനുള്ള ജയമാണ് ആഗ്രഹിക്കുന്നത്. 2012ലെ വിംബ്ള്‍ഡണ്‍ വിജയമാണ് ഫെഡററുടെ ഷോകേസിലത്തെിയ അവസാന ഗ്രാന്‍ഡ്സ്ളാം കിരീടം. ഞാന്‍തന്നെയാണ് ഒന്നാമന്‍. ടൂര്‍ണമെന്‍റിലെ എതിരാളികളെ തോല്‍പിക്കാന്‍ സാധിക്കുമെന്നുതന്നെയാണ് വിശ്വാസം. തോമസ് ബെര്‍ഡിച്ചിനെ തോല്‍പിച്ചശേഷം കാണികള്‍ക്കു മുന്നില്‍ ഫെഡറര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. ഫെഡറര്‍ക്കെതിരെ ഏത് റൗണ്ടില്‍ പോരാടിയാലും ഫൈനലിന് തുല്യമാണെന്നാണ് ദ്യോകോവിച്ചിന്‍െറ പ്രതികരണം. കടുത്ത ടെന്‍ഷനോടെയാണ് ഫെഡറര്‍ക്കെതിരെ കളത്തിലിറങ്ങുക. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു -ദ്യോകോവിച് പറഞ്ഞു. അഞ്ചു തവണ ആസ്ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കിയ ദ്യോകോവിച്ചിന് കിരീടനേട്ടത്തോടെ ആറു തവണ ചാമ്പ്യനായിട്ടുള്ള ബോറിസ് ബെക്കറുടെ പട്ടികയില്‍ ഇടംപിടിക്കാനുള്ള അവസരമാണ്.

മറ്റൊരു സെമിയില്‍ ബ്രിട്ടന്‍ താരം ആന്‍ഡി മറെയും മോണ്ടിനെഗ്രോ താരം മിലോ റവോനിച്ചും ഏറ്റുമുട്ടും. വനിതാ സിംഗ്ള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കെയെ തോല്‍പിച്ച് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ സെമിയില്‍ പ്രവേശിച്ചു (സ്കോര്‍: 6-3, 7-5). സെമിയില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോന്‍ഡയായിരിക്കും കെര്‍ബറുടെ എതിരാളി. മറ്റൊരു സെമിയില്‍ യു.എസ് താരം സെറീന വില്യംസ് അഗ്നിയേസ്ക റഡ്വാന്‍സ്കയെ നേരിടും. സെമി പോരാട്ടം ഇന്ന് നടക്കും.

സാനിയ–ഹിംഗിസ് ഫൈനലില്‍
ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍. സെമിയില്‍ ജര്‍മന്‍-ചെക് സഖ്യമായ ജൂലിയ ജിയോര്‍ജസ്-കരോലിന പ്ളിസ്കോവ സഖ്യത്തെ 6-1, 6-0 എന്ന സ്കോറിന് തോല്‍പിച്ചാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഫൈനലില്‍ ചെക് റിപ്പബ്ളിക് സഖ്യമായ ആന്‍ഡ്രിയ ലവക്കോവ-ലൂസി റഡേക്ക സഖ്യത്തെ നേരിടും. മിക്സഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് സാനിയയും ഹിംഗിസും ഏറ്റുമുട്ടും. ഇന്ത്യയുടെ ലിയാണ്ടര്‍ പേസാണ് ഹിംഗിസിന് കൂട്ടെങ്കില്‍ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗാണ് സാനിയക്ക് കൂട്ട്. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ- ജുങ് ജാന്‍ ചാന്‍ സഖ്യം പുറത്തായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.