ഡേവിസ് കപ്പ് ടെന്നിസ്: ഇന്ത്യക്ക് ഇന്ന് ചെക് വെല്ലുവിളി

ന്യൂഡല്‍ഹി: ചെക് റിപ്പബ്ളിക് എന്ന വന്മല താണ്ടാന്‍ ഇന്ത്യന്‍ ടെന്നിസ് നക്ഷത്രങ്ങള്‍ക്കാവുമോ..? ലോക ടെന്നിസില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന എതിരാളികള്‍ക്കെതിരെയാണ് കളത്തിലിറങ്ങുന്നതെങ്കിലും ഡേവിസ് കപ്പില്‍ സ്വന്തംമണ്ണില്‍ കളിക്കുന്ന ഇന്ത്യയേറെ പ്രതീക്ഷിക്കുന്നു. യു.എസ് ഓപണില്‍ മിക്സഡ് ഡബ്ള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം കിരീടം നേടിയ ആവേശത്തില്‍ ലിയാണ്ടര്‍ പേസ് നയിക്കുന്ന സഖ്യം കടുത്ത പരിശീലനത്തിന് ശേഷമാണ് ചെക് താരനിരയെ നേരിടാനിറങ്ങുന്നത്.

ലോക ആറാം നമ്പര്‍ തോമസ് ബെര്‍ഡിചില്ലാതെയാണ് ചെക് റിപ്പബ്ളിക് മത്സരത്തിനിറങ്ങുന്നതെങ്കിലും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. ലോകത്തിലെ മികച്ചതാരങ്ങളെ സംഭാവനചെയ്യുന്ന രാജ്യമാണ് ചെക്. ലിയാണ്ടര്‍ പേസും സോംദേവ് ദേവ്വര്‍മനും യുകി ഭാംബ്രിയും വ്യാഴാഴ്ച കടുത്തപരിശീലനത്തിലായിരുന്നു. അടുത്തിടെ നടന്ന മത്സരങ്ങളില്‍ സോംദേവിന് കാര്യമായ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായി തുടരുന്ന പ്രതിരോധാത്മക ശൈലിയില്‍നിന്ന് മാറാന്‍ തയാറാകാത്തതാണ് സോംദേവിന് വിനയാകുന്നത്. അതേസമയം, ന്യൂസിലന്‍ഡിനെതിരായ മത്സരങ്ങളില്‍ മികച്ചപ്രകടനമാണ് ഭാംബ്രി കാഴ്ചവെച്ചത്. മത്സരം നടക്കുന്ന ഡി.എല്‍.ടി.എ ഗ്രൗണ്ടില്‍ 2010ന് ശേഷം ഇതുവരെ ഒറ്റകളിയും തോറ്റിട്ടില്ളെന്ന റെക്കോഡാണ് സോംദേവിന്‍െറ ആത്മവിശ്വാസം.

ഇടങ്കൈയനായ ജിറി വെസ്ലിക്കെതിരെയാണ് സോംദേവിന്‍െറ ആദ്യ മത്സരം. ഇത് മുന്നില്‍കണ്ട് ക്യാമ്പില്‍ ഇടങ്കൈയനായ ദിവിജ് ശരണിനെ വിളിച്ചുവരുത്തിയായിരുന്നു സോംദേവിന്‍െറ പരിശീലനം. റിസര്‍വ് താരങ്ങളായ സാകേത് മൈനേനി, രാംകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ലിയാണ്ടര്‍ പരിശീലിച്ചത്. രോഹന്‍ ബൊപ്പണ്ണയും കടുത്ത പരിശീലനത്തിലായിരുന്നു.  ഇന്ത്യക്കായി ആദ്യ മത്സരത്തിനിറങ്ങുന്നത് യുകി ഭാംബ്രിയാണ്. ചെക്കിന്‍െറ ലൂകാസ് റോസലിനെയാണ് ഭാംബ്രി നേരിടുക. സിംഗ്ള്‍സ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.ഡിഡി സ്പോര്‍ട്സില്‍ രാവിലെ 10 മുതല്‍ തത്സമയം സംപ്രേക്ഷണമുണ്ടാകും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.