വിരാട് കോഹ്‌ലി ഇനി ടെന്നിസ് ടീം ഉടമ

ദുബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ളി ടെന്നിസില്‍ ഒരു കൈ പയറ്റുന്നു. കളിക്കാരനായല്ല ടീം ഉടമയുടെ റോളിലാണ് കോഹ്ളി എത്തുന്നത്. ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗി (ഐ.പി.ടി.എല്‍)ന്‍െറ രണ്ടാമത് പതിപ്പിനുള്ള യു.എ.ഇ റോയല്‍സ് ടീമിന്‍െറ സഹ ഉടമസ്ഥനാണ് വിരാട് കോഹ്ളി.  ലോക താരം റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളാണ് യു.എ.ഇ റോയല്‍സില്‍ ഇത്തവണ റാക്കേറ്റേന്തുന്നത്. പ്രമുഖ കളിക്കാരും ഗ്രാന്‍ഡ് സ്ളാം കിരീട ജേതാക്കളുമായ ഗൊരാന്‍ ഇവാനിസോവിച്ച്, അന്ന ഇവനോവിച്ച്, ഡാനിയല്‍ നെസ്റ്റര്‍, എന്നിവരും ടൊമാസ് ബെര്‍ദിച്ചുമാണ് മറ്റംഗങ്ങള്‍.

ഇന്ത്യന്‍ ടെന്നിസ് താരം മഹേഷ് ഭൂപതി തുടക്കമിട്ട ഐ.പി.ടി.എല്ലിന്‍െറ മത്സരങ്ങള്‍ ഡിസംബര്‍ രണ്ടു മുതല്‍ 20 വരെയാണ് നടക്കുക. യു.എ.ഇ പാദ ലീഗ് മത്സരങ്ങള്‍ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. ടീം പ്രഖ്യാപനം വ്യാഴാഴ്ച ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നു.
തനിക്കേറെ ഇഷ്ടമുള്ള കളിയാണ് ടെന്നിസ് എന്നും ഒരു പ്രഫഷണല്‍ ടെന്നിസ് ടീമിന്‍െറ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും വിരാട് കോഹ്ളി ചടങ്ങില്‍ പറഞ്ഞു. റോജര്‍ ഫെഡററുടെ ആരാധകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മഹേഷ് ഭൂപതിയും യൂ.എ.ഇ റോയല്‍സ് ടീം സഹ ഉടമകളായ നീലേഷ് ഭട്നഗറും സചിന്‍ ഗദോയയും ടീം സി.ഇ.ഒ പ്രവീണ്‍ ഭട്നഗറും ചടങ്ങില്‍ സംബന്ധിച്ചു.

ഐ.പി.ടി.എല്‍ രണ്ടാം പതിപ്പില്‍ അഞ്ചു ടീമുകളാണ് മാറ്റുരക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ഇന്ത്യന്‍ ഏയ്സസ്, യു.എ.ഇ റോയല്‍സ്, ഫിലിപ്പീന്‍ മാവറിക്സ്,സിങ്കപ്പൂര്‍ സ്ളാമേഴ്സ് എന്നീ ടീമുകള്‍ക്കൊപ്പം ഇത്തവണ ജപ്പാന്‍ വാരിയേഴ്സ് കൂടി ചേരും. അഞ്ചു രാജ്യങ്ങളിലായി നടക്കുന്ന മത്സരം ഡിസംബര്‍ രണ്ടിന് ജപ്പാനില്‍ തുടങ്ങി 20ന് സിംഗപ്പൂരില്‍ സമാപിക്കും. ലീഗ് റൗണ്ടില്‍ മുന്നിലത്തെുന്ന രുണ്ടു ടീമുകള്‍ കിരീടിത്തിനായി സിങ്കപ്പൂരില്‍ പൊരുതും. പരമ്പരാഗത ടെന്നിസ് ഘടനയില്‍ നിന്ന് വ്യത്യസ്തമായാണ് ഐ.പി.ടി.എല്‍ മത്സരരീതി.  കളിയുടെ വേഗം കൂട്ടാനായി സിംഗിള്‍ സെറ്റ് മത്സരങ്ങളായിരിക്കും. ഒറ്റ ദിവസം 20 മികച്ച കളിക്കാരുടെ പ്രകടനം കാണികള്‍ക്ക് കാണാന്‍ ഇതുവഴി സാധിക്കും. ഹാപ്പിനെസ് പവര്‍ പോയന്‍റ്സ്, ഷൂട്ടൗട്ട് തുടങ്ങിയ പുതുമകളുമുണ്ടാകും. തത്സമയ സംഗീതവും മറ്റു വിനോദ പരിപാടികളും കളിയോടൊപ്പം സ്റ്റേഡിയത്തില്‍ അരങ്ങേറും.

ഫെഡറര്‍ ടീമിലത്തെുന്നതോടെ യു.എ.ഇയിലെ കളിപ്രേമികള്‍ വന്‍തോതില്‍ പിന്തുണയുമായത്തെുമെന്നാണ് പ്രതീക്ഷയെന്ന് ഐ.പി.ടി.എല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മഹേഷ് ഭൂപതി പറഞ്ഞു.
ദുബൈ മത്സരങ്ങളൂടെ ടിക്കറ്റുകള്‍ക്കായി www.uaeroyals.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 500 പേര്‍ക്ക് നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.