ന്യൂയോര്‍ക്: പുരുഷ സിംഗ്ള്‍സ് സെമിഫൈനല്‍ അങ്കത്തട്ടില്‍ സ്വിസ് താരകങ്ങള്‍ നേര്‍ക്കുനേര്‍. 34ാം വയസ്സിലും കരുത്തുചോരാത്ത കളികെട്ടഴിച്ച് ലോക രണ്ടാം നമ്പര്‍ പദവി കൈയടക്കിയിരിക്കുന്ന ഇതിഹാസതാരം റോജര്‍ ഫെഡററും കൂട്ടുകാരന്‍ സ്റ്റാനിസ്ളാവ് വാവ്റിങ്കയും സെമിയില്‍ ഏറ്റുമുട്ടും. നേരിട്ടുള്ള സെറ്റുകളില്‍ അനായാസം സാധ്യമായ ക്വാര്‍ട്ടര്‍ ജയങ്ങളിലൂടെയാണ് ഇരുവരും പരസ്പരമുള്ള പോരിന് വഴിയൊരുക്കിയത്. വനിതാ സിംഗ്ള്‍സില്‍ രണ്ടാം സീഡ് റുമേനിയന്‍ താരം സിമോണ ഹാലെപും 26ാം സീഡ് ഫ്ളാവിയ പെന്നേറ്റയും സെമിയില്‍ കൊമ്പുകോര്‍ക്കും.
ഫ്രഞ്ചുകാരന്‍ റിച്ചാര്‍ഡ് ഗാസ്ഗ്വയാണ് ഫെഡററുടെ കുതിപ്പിന് മുന്നില്‍ മുട്ടുമടക്കിയത്. 87 മിനിറ്റിനുള്ളില്‍ 6^3, 6^3, 6^1 സ്കോറിന് മുന്‍ ചാമ്പ്യന്‍ ജയം നേടി. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സണ് ആദ്യ രണ്ട് സെറ്റില്‍ മാത്രമാണ് വാവ്റിങ്കക്ക് മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 6^4, 6^4, 6^0ത്തിന് ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ 15ാം സീഡിനെ പറഞ്ഞുവിട്ടു.
അഞ്ചു വര്‍ഷത്തിനുശേഷമുള്ള ആദ്യ ഫൈനലാണ് വാവ്റിങ്കയെ നേരിടുമ്പോള്‍ ഫെഡററുടെ ലക്ഷ്യം. ഈ കാലയളവില്‍, കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ സെമി പടവില്‍ മുന്‍ ചാമ്പ്യന്‍ വീണുപോയിരുന്നു. ഫ്ളഷിങ് മെഡോയിലെ ആദ്യ ഫൈനലിലേക്കാണ് അഞ്ചാം സീഡ് വാവ്റിങ്കയുടെ കണ്ണ്.
വനിതാ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ രണ്ടു മത്സരങ്ങളും മൂന്നു സെറ്റുകളിലാണ് തീരുമാനമായത്. അവയില്‍ ഏറെ ശ്രദ്ധേയമായ ജയം നേടിയത് ഇറ്റലിക്കാരി ഫ്ളാവിയ പെന്നേറ്റയാണ്. അഞ്ചാം സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ അട്ടിമറിച്ചാണ് പെന്നേറ്റ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ളാം സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. സ്കോര്‍: 6^4, 4^6, 6^2. 2013ല്‍ ഇവിടെ സെമി വരെ പെന്നേറ്റ മുന്നേറിയിരുന്നു.
സിമോണ ഹാലെപിനെ വിറപ്പിച്ചതിനുശേഷമാണ് 20ാം സീഡ് ബെലറൂസ് താരം വിക്ടോറിയ അസരങ്ക കീഴടങ്ങിയത്. 6^3, 4^6, 6^4 നാണ് ഹാലെപ് ജയിച്ചത്. ഹാലെപിനും ഇത് രണ്ടാം ഗ്രാന്‍ഡ്സ്ളാം സെമിയാണ്. 2014ലെ വിംബ്ള്‍ഡണിലാണ് ഇതിനുമുമ്പ് അവസാന നാലിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.