യു.എസ് ഓപണ്‍: സെറീന പൊരുതിക്കടന്നു

ന്യൂയോര്‍ക്: കലണ്ടര്‍ സ്ളാം മുന്നില്‍കണ്ടുള്ള പ്രയാണത്തില്‍ രണ്ടാം റൗണ്ടില്‍ നേരിട്ട ചെറിയ പരീക്ഷണം അതിജീവിച്ച് നിലവിലെ വനിതാ സിംഗ്ള്‍സ് ചാമ്പ്യന്‍ സെറീന വില്യംസ് മുന്നേറി. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്, നിലവിലെ ചാമ്പ്യന്‍ മരിന്‍ സിലിച്, സ്പാനിഷ് കരുത്തന്‍ റാഫേല്‍ നദാല്‍ എന്നിവര്‍ പുരുഷ വിഭാഗം സിംഗ്ള്‍സില്‍ അനായാസം മൂന്നാം റൗണ്ടിലത്തെി. വനിതകളില്‍ വീനസ് വില്യംസും കനേഡിയന്‍ താരം യൂഗിന്‍ ബൗചാഡും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
പുരുഷ ഡബ്ള്‍സിലാണ് ഇത്തവണ യു.എസ് ഓപണിനെ ഞെട്ടിച്ച ഏറ്റവും വലിയ അട്ടിമറി പിറന്നത്. നിലവിലെ ജേതാക്കളും ലോക്കല്‍താരങ്ങളുമായ ബോബ്-മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ ഒന്നാം റൗണ്ടില്‍ തോറ്റുപുറത്തായി. യു.എസിന്‍െറതന്നെ താരങ്ങളായ സ്റ്റീവ് ജോണ്‍സണ്‍-സാം ക്വറെ സഖ്യമാണ് ഒന്നാം സീഡ് ജോടിയെ കെട്ടുകെട്ടിച്ചത്. 7-6(7-4), 5-7, 6-3 സ്കോറിന് ജോണ്‍സണ്‍-ക്വറെ സഖ്യം ജയം പിടിച്ചു. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യവും പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യവും രണ്ടാം റൗണ്ടിലത്തെി.
നെതര്‍ലന്‍ഡ്സിന്‍െറ സീഡില്ലാതാരമായ കികി ബെര്‍ട്ടെന്‍സിന്‍െറ മുന്നില്‍ ഒന്നാം സെറ്റിലാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന കുറച്ചുനേരം വിയര്‍ക്കേണ്ടിവന്നത്. അണ്‍ഫോഴ്സ്ഡ് എററുകളും ഡബ്ള്‍ ഫാള്‍ട്ടുകളും വരുത്തുന്നതില്‍ മുന്നില്‍നിന്ന സെറീന ഒടുവില്‍, 7-6(7-5), 6-3ന് എതിരാളിയെ തറപറ്റിച്ചു.  
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാക്കിയ ‘ഗന്നം സ്റ്റൈല്‍’ ഡാന്‍സുമായാണ് സെര്‍ബിയന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് ഓസ്ട്രിയയുടെ ആന്ദ്രിയാസ് ഹൈദര്‍-മൗററിനെതിരായ രണ്ടാം റൗണ്ട് ജയം ആഘോഷിച്ചത്. ഗാലറിയില്‍നിന്ന് ഒപ്പം ചേര്‍ന്ന ഒരു ആരാധകനൊപ്പം ചുവടുവെച്ച ദ്യോകോവിച് ആരാധകരെ കൈയിലെടുത്തു. 6-4, 6-1, 6-2 സ്കോറിന് അനായാസമായിരുന്നു സെര്‍ബിയന്‍ മുന്‍ ചാമ്പ്യന്‍െറ ജയം.  
ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന് വെല്ലുവിളി ഉയര്‍ത്തിയതിനുശേഷമാണ് റഷ്യയുടെ എവ്ജെനി ഡോന്‍സ്കോയ് മുട്ടുമടക്കിയത്. 6-2, 6-3, 7-5ന് ജയം നേടി ഒമ്പതാം സീഡ് സിലിച് മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാനോട് ധീരമായി പൊരുതിയാണ് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ട് പിന്നിട്ടത്. എട്ടാം സീഡായ നദാല്‍ 7-6(7-5), 6-3, 7-5ന് മത്സരം നേടിയെടുത്തു. ഇറ്റലിയുടെ 32ാം സീഡ് ഫാബിയോ ഫോഗ്നിനിയെ അടുത്ത റൗണ്ടില്‍ നേരിടും. കാനഡയുടെ 10ാം സീഡ് മിലോസ് റാവോണിക് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ 6-2, 6-4, 6-7(5-7), 7-6(7-1)ന് തോല്‍പിച്ചു. മറ്റൊരു സ്പാനിഷ് താരം മാഴ്സല്‍ ഗ്രനോല്ളേഴ്സ് 6-3, 6-4, 6-3ന് ഫ്രഞ്ചുകാരന്‍ ജോ വില്‍ഫ്രഡ് സോംഗക്ക് മുന്നില്‍ വീണു. ഇറിന ഫാല്‍കോണിയാണ് വീനസിന് മുന്നില്‍ വീണത്.  6-3, 6-7(2-7), 6-2ന് മത്സരം വീനസ് തന്‍േറതാക്കി. യു.എസിന്‍െറ ക്ളെയര്‍ ലിയു-ടെയ്ലര്‍ ഹാരി ഫ്രിറ്റ്സ് സഖ്യമാണ് പേസ്-ഹിംഗിസ് ജോടിക്ക് മുന്നില്‍ 6-2, 6-2ന് വീണത്. മറ്റൊരു യു.എസ് സഖ്യമായ ആസ്റ്റിന്‍ ക്രയിചെക്-നികോളസ് മണ്‍റോ ആണ് ബൊപ്പണ്ണ-മെര്‍ജിയ കൂട്ടുകെട്ടിന് മുന്നില്‍ തോറ്റമ്പിയത്. സ്കോര്‍: 6-3, 6-4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.