കാലാവസ്ഥയും പരിക്കും; യു.എസ് ഓപണില്‍ 'പിന്മാറ്റ' റെക്കോഡ്

ന്യൂയോര്‍ക്:  പരിക്കും ഫ്ളഷിങ് മെഡോയിലെ കാലാവസ്ഥയും തളര്‍ത്തിയതോടെ ഇത്തവണ യു.എസ് ഓപണ്‍ ഒന്നാം റൗണ്ടില്‍ പിന്മാറിയ താരങ്ങളുടെ എണ്ണം റെക്കോഡ് തൊട്ടു. ഒമ്പത് പുരുഷ താരങ്ങളാണ് ടൂര്‍ണമെന്‍റ് രണ്ടാം ദിനം പിന്നിടുന്നതിനിടയില്‍ പിന്മാറി യു.എസ് ഓപണ്‍ ചരിത്രത്തില്‍ ‘റെക്കോഡിട്ടത്’. ഈര്‍പ്പം നിറഞ്ഞതും ചൂടേറിയതുമായ കാലാവസ്ഥ താരങ്ങളെ കുറച്ചൊന്നുമല്ല തളര്‍ത്തുന്നത്. രണ്ടാം ദിനത്തില്‍ ഇതിന്‍െറ കാഠിന്യം ഏറ്റവുമധികം അനുഭവിച്ചത് ആസ്ട്രേലിയയുടെ തനസി കൊക്കിനാകിസാണ്. ഫ്രഞ്ചുകാരന്‍ റിച്ചാര്‍ഡ് ഗാസ്ഗ്വെുമായുള്ള മത്സരം അഞ്ചാം സെറ്റില്‍ നില്‍ക്കെ പേശീവലിവ് കാരണം ഒറ്റക്കാലില്‍ മുടന്തിയാണ് കളിമതിയാക്കി കളംവിട്ടത്. ഇടക്ക് ആരോഗ്യം കൂടുതല്‍ മോശമാകുമെന്ന് അമ്പയര്‍വരെ താക്കീത് നല്‍കിയിട്ടും കളി തുടര്‍ന്ന താരം ഒടുവില്‍ നടക്കുന്ന വേഗതയില്‍ റിട്ടേണുകളുതിര്‍ക്കേണ്ട നിലയിലായപ്പോള്‍ പിന്മാറുകയായിരുന്നു.  തൊട്ടുപിന്നാലെ, തോളില്‍ പരിക്കേറ്റ കസാഖ്സ്താന്‍െറ അലക്സാണ്ടര്‍ നെദോവിസോവ് പിന്മാറ്റം പ്രഖ്യാപിക്കുന്ന ഒമ്പതാമനായി. നേരത്തെ ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസും പിന്മാറിയിരുന്നു. ആദ്യ ദിനത്തില്‍ ആറ് പുരുഷ താരങ്ങളാണ് പിന്മാറിയത്. വനിതകള്‍ക്കും പരിക്ക് തടസ്സമൊരുക്കി. സിമോണ ഹാലെപിനെ നേരിട്ട മരിന എകരോവിച് കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കളി മതിയാക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.